ഡൽഹി ജുമാ മസ്ജിദ് പൊലീസ് സ്റ്റേഷനിൽ കത്തിക്കുത്ത്; അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡൽഹി: ഡൽഹിയിലെ ജുമാ മസ്ജിദ് പൊലീസ് സ്റ്റേഷനുള്ളിൽ കത്തിയുമായി എത്തിയ യുവാവിന്റെ ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

കുടുംബാംഗങ്ങളുടെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തിച്ച നബീൽ എന്നയാളാണ് പൊലീസുകാരെ ആക്രമിച്ചതെന്നാണ് വിവരം. ഇയാളുടെ മാതാവും സഹോദരിയും നൽകിയ പീഡനപരാതിയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യുന്നതിനിടെ നബീൽ കൈവശം കരുതിയിരുന്ന കത്തി പുറത്തെടുത്ത് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ മുഖത്തും കഴുത്തിലുമാണ് കുത്തേറ്റത്. അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന് സ്റ്റേഷനിൽ പരിഭ്രാന്തി പടർന്നു.

പരുക്കേറ്റ അഞ്ച് പൊലീസുകാരെയും ഉടൻ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ സർ ഗംഗാറാം ആശുപത്രിയിലും മറ്റ് രണ്ട് പേരെ സഞ്ജീവനി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

ആക്രമണത്തിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ ഇയാൾ ഒരു ഇരുചക്രവാഹനം മോഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ പഴയ ഡൽഹിയിലെ ചിത്ലി ഖബർ മേഖലയിൽ ഇയാളെ കണ്ടെത്തി.

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ വീണ്ടും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ പരുക്കേറ്റ നബീലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് സ്റ്റേഷനുള്ളിൽവച്ച് തന്നെ പൊലീസുകാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നുണ്ട്. കുടുംബപരാതിയിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതിയുടെ കൈവശം കത്തി എങ്ങനെ എത്തിയെന്നും ആക്രമണത്തിന് ശേഷം ഇയാൾക്ക് എങ്ങനെ സ്റ്റേഷനിൽനിന്ന് രക്ഷപ്പെടാനായെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

പരുക്കേറ്റ പൊലീസുകാരെ സന്ദർശിക്കുന്നതിനായി ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (ഡിസിപി) സർ ഗംഗാറാം ആശുപത്രിയിലേക്ക് തിരിച്ചതായും റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റ ഉദ്യോഗസ്ഥരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

More Stories from this section

family-dental
witywide