
നിരനിരയായ പ്രതിസന്ധികളെത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രക്ഷോഭത്തിന് താത്കാലിക ഇടവേള പ്രഖ്യാപിച്ച് കോക്ക് റോച്ച് ജനത പാർട്ടി (സി.ജെ.പി). ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവർ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ജന്തർമന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട് അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും, സി.ജെ.പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതുമാണ് ഈ പെട്ടെന്നുള്ള പിന്മാറ്റത്തിന് പിന്നിൽ.
ഒരു വർഷത്തേക്ക് പൊതുസമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്ന പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് അഭിജീത് ദീപ്കെയെ മുൻപ് ജാമ്യത്തിൽ വിട്ടിരുന്നത്. നേതാക്കൾ ജയിലിലാകുകയും കർശന ജാമ്യവ്യവസ്ഥകൾ നിലനിൽക്കുകയും ചെയ്യുന്നതിന് പുറമെ, ഫണ്ടിംഗിലടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണ സാധ്യതയും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സി.ജെ.പി ആഹ്വാനം ചെയ്ത സമരങ്ങളിൽ ജനങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കാതെ പോയതും, ലാൽ ഹിറ്റ് ജനത പാർട്ടി പോലുള്ള കൂട്ടായ്മകളിൽ നിന്നുള്ള ഭീഷണികളും തിരിച്ചടിയായി.
പ്രതിഷേധങ്ങൾ താത്കാലികമായി നിർത്തിവെച്ചെങ്കിലും വെറുപ്പിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് ദീപ്കെ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിൽ കഴിയുന്ന അശുതോഷ് റങ്കയുടെയും സൗരവ് ദാസിന്റെയും ജാമ്യാപേക്ഷയിലും, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ കസ്റ്റഡി ഉത്തരവനെതിരെയുള്ള ദില്ലി ഹൈക്കോടതിയിലെ ഹർജിയിലും കോടതി എടുക്കുന്ന നിലപാട് സി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
CJP Pauses Protests Against Gyanesh Kumar Amid Legal Hurdles and Crime Branch Probe













