ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് രൂക്ഷമായ സംഘർഷം. ക്യാമ്പസിനുള്ളിൽ വെച്ച് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരത്തിന്റെ ഭാഗമായുള്ള പന്തലാണ് സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയത്.
കഴിഞ്ഞ 16-ാം തീയതി മുതലാണ് സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 2006-ൽ നിർത്തിവെച്ച വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയത്. നേരത്തേയും ഈ പന്തൽ പൊളിച്ചുമാറ്റാൻ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് നീക്കങ്ങൾ ഉണ്ടായിരുന്നു.
യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് സുരക്ഷാ ജീവനക്കാർ പന്തൽ പൊളിച്ചുനീക്കിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ക്യാമ്പസിനുള്ളിലെ ലൈറ്റുകൾ അണച്ച ശേഷം പന്തലിലുണ്ടായിരുന്ന വിദ്യാർഥികളെ സെക്യൂരിറ്റി ജീവനക്കാർ മർദിക്കുകയും, തുടർന്ന് അവരെ വലിച്ചിഴച്ച് ഗേറ്റിന് പുറത്തെത്തിച്ച് പോലീസിന് കൈമാറുകയും ചെയ്തുവെന്ന ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. അതേസമയം ഏറെ നേരത്തെ സംഘർഷാവസ്ഥക്ക് ശേഷം വിദ്യാർഥികൾ സമരപ്പന്തൽ വീണ്ടും ഉയർത്തി.
Clash at Jamia Millia University After Security Guards Demolish Student Protest Tent













