
വിയറ്റ്നാം സന്ദർശനം പൂർത്തിയാക്കി കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നാളെയോടെ ഡൽഹിയിൽ തിരിച്ചെത്തുമെന്ന് സൂചന. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം വിയറ്റ്നാമിലേക്ക് പോയിരുന്നത്. എന്നാൽ രാജ്യത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള ഇന്ത്യാ മുന്നണിയുടെ പ്രതിഷേധങ്ങൾ ശക്തമായിരിക്കുന്നതിനിടയിലുള്ള അദ്ദേഹത്തിന്റെ ഈ വിദേശ സന്ദർശനം ബിജെപി രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം രാഹുൽ അവധിക്കായി വിദേശത്തേക്ക് പോയെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം.
അതിനിടയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. നവംബർ ഒന്നിന് മഹാറാലി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ബുധനാഴ്ച പ്രത്യേക പ്രതിഷേധം സംഘടിപ്പിക്കാൻ ആലോചനയുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യവിചാരണ നടത്തി അദ്ദേഹത്തെ പുറത്താക്കുന്ന രീതിയിലുള്ള പരിപാടികളാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. മുൻപ് പാർലമെന്റിൽ പരാജയപ്പെട്ട ഇംപീച്ച്മെന്റ് നീക്കം വരുന്ന ശൈത്യകാല സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കാനും പ്രതിപക്ഷം തയ്യാറെടുക്കുന്നുണ്ട്.
സാങ്കേതികമായി അംഗബലം കുറവാണെങ്കിലും സമാനചിന്താഗതിക്കാരായ കക്ഷികളെ ഒപ്പുകൂട്ടി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. രാംലീല മൈതാനിയിലോ തൽക്കത്തോറ സ്റ്റേഡിയത്തിലോ മഹാറാലി സംഘടിപ്പിക്കാനാണ് ചർച്ചകൾ നടക്കുന്നത്. വിദേശത്തുനിന്ന് രാഹുൽ ഗാന്ധി തിരിച്ചെത്തിയ ഉടൻ തന്നെ സഖ്യകക്ഷികളുമായി ചേർന്ന് ഇതുസംബന്ധിച്ച അന്തിമ ചർച്ചകൾ ഊർജ്ജിതമാക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
Rahul Gandhi to Return from Vietnam Tomorrow; India Bloc to Move Forward with Mega Rally Against Gyanesh Kumar












