അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റ ശ്രമമെന്ന് ഐ.ടി.ബി.പി. മേധാവിയുടെ വെളിപ്പെടുത്തൽ; പിന്നാലെ മോദിയെ പരിഹസിച്ച് കോൺഗ്രസ്, ’56 ഇഞ്ചുള്ള കളിപ്പാട്ടം, അതിൻ്റെ കീ ചൈനയുടെ കൈയിൽ’

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽ.എ.സി.) ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ മുഖാമുഖം വരുന്ന സാഹചര്യമുണ്ടെന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷം രാഷ്ട്രീയ ആക്രമണം ശക്തമാക്കിയത്.

കഴിഞ്ഞ ജൂലൈ മാസം മുതൽ തക്സിങ് മേഖലയുൾപ്പെടെയുള്ള ഇടങ്ങളിൽ ചൈനീസ് കടന്നുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രാജസ്ഥാനിലെ അൽവാറിൽ നടന്ന സേനയുടെ വാർഷിക ചടങ്ങിൽ ഐ.ടി.ബി.പി. മേധാവി സ്ഥിരീകരിച്ചിരുന്നു. പുതുതായി രൂപീകരിച്ച ഐ.ടി.ബി.പി.യുടെ ‘ശൗര്യ കമാൻഡോ’ സംഘം ഈ കടന്നുകയറ്റങ്ങളെ ശക്തമായി പ്രതിരോധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിന് പിന്നാലെ, അതിർത്തിയിലെ യഥാർഥ സാഹചര്യം കഴിഞ്ഞ ജൂലൈ മുതൽ മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “56 ഇഞ്ച് വലുപ്പമുള്ള ഒരു കളിപ്പാട്ടം” എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് വക്താവ് പവൻ ഖേര പരോക്ഷമായി പരിഹസിച്ചത്. ലോകമെമ്പാടും ചൈനീസ് കളിപ്പാട്ടങ്ങൾ വിറ്റഴിക്കപ്പെടുമ്പോൾ, ഇന്ത്യയിലുള്ള ഈ ’56 ഇഞ്ച് കളിപ്പാട്ടത്തിന്റെ’ താക്കോൽ ചൈനയുടെയും അമേരിക്കയുടെയും ഇസ്രായേലിന്റെയും കൈകളിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചൈന അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റുകയും വൻതോതിൽ അണക്കെട്ടുകൾ നിർമിക്കുകയും ചെയ്യുമ്പോൾ പ്രധാനമന്ത്രിയും സർക്കാരും “ബധിരമായ മൗനം” പാലിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. 2020-ലെ ഗാൽവൻ ഏറ്റുമുട്ടലിന് ശേഷം “ഇന്ത്യൻ മണ്ണിലേക്ക് ആരും കടന്നുകയറിയിട്ടില്ല” എന്ന് പ്രധാനമന്ത്രി നൽകിയ പ്രസ്താവനയാണ് ചൈനയ്ക്ക് ധൈര്യം നൽകിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ലഡാക്കിന് സമാനമായി അരുണാചലിലും ഇന്ത്യയുടെ പട്രോളിങ് പോയിന്റുകൾ നഷ്ടപ്പെടുന്നുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ITBP chief reveals Chinese attempt to intrude across the border; Congress mocks Modi,

More Stories from this section

family-dental
witywide