
ന്യൂയോർക്ക്: പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് ഗൂഗിൾ എക്സിക്യൂട്ടീവ് ഡൊണാൾഡ് ഹാരിസൺ ഉടനടി പ്രാബല്യത്തോടെ രാജി വെച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വഴി സ്പേസ് എക്സ് പബ്ലിക് ലിസ്റ്റഡ് കമ്പനിയായി മാറി അഞ്ച് മാസങ്ങൾ തികയുന്ന വേളയിലാണ് ഈ അപ്രതീക്ഷിത പടിയിറക്കം. കമ്പനിയുടെ ക്ലാസ് ബി ഡയറക്ടറായിരുന്ന ഹാരിസൺ ഒഴിഞ്ഞ വിവരം സ്പേസ് എക്സ് ഔദ്യോഗികമായി യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനെ അറിയിച്ചു.
കമ്പനിയുടെ നയങ്ങളോടോ പ്രവർത്തനങ്ങളോടോ ഉള്ള അഭിപ്രായവ്യത്യാസം മൂലമല്ല രാജി എന്ന് സ്പേസ് എക്സ് വ്യക്തമാക്കിയെങ്കിലും, ഗൂഗിളും സ്പേസ് എക്സും തമ്മിലുള്ള ബിസിനസ്സ് താല്പര്യങ്ങൾ തമ്മിലടിയ്ക്കുന്നതാണ് ഇതിന് പിന്നിലെന്ന് സിഇഓ ഇലോൺ മസ്ക് സൂചിപ്പിച്ചു. “ഹാരിസൺ മികച്ചൊരു ബോർഡ് അംഗമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകളെ അഭിനന്ദിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഗൂഗിളുമായി ഒട്ടനവധി പരസ്പരവിരുദ്ധമായ താല്പര്യങ്ങൾ നിലനിൽക്കുന്നുണ്ട്,” എന്ന് മസ്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. 2005 മുതൽ ഗൂഗിളിൽ സേവനമനുഷ്ഠിക്കുന്ന ഹാരിസൺ നിലവിൽ സെർച്ച് ഭീമന്റെ ഗ്ലോബൽ പാർട്ണർഷിപ്സ് വിഭാഗം പ്രസിഡന്റാണ്.
ഹാരിസൺ ബോർഡ് വിട്ടെങ്കിലും സ്പേസ് എക്സുമായുള്ള ദീർഘകാല പങ്കാളിത്തം തുടരുമെന്ന് ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ സ്പേസ് എക്സിന്റെ ഏറ്റവും വലിയ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്ററാണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ്. അടുത്തിടെ 4 മില്യൺ അധിക ഓഹരികൾ കൂടി സ്വന്തമാക്കിയ ആൽഫബെറ്റിന് നിലവിൽ 74 ബില്യൺ ഡോളറിന്റെ ഓഹരി പങ്കാളിത്തമുണ്ട്. 1.8 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള സ്പേസ് എക്സിന് കമ്പ്യൂട്ടിംഗ് ശേഷിക്കായി പ്രതിമാസം 920 മില്യൺ ഡോളറോളം ഗൂഗിൾ നൽകുന്നുണ്ട്. കൂടാതെ ‘പ്രോജക്ട് സൺകാച്ചർ’ വഴി ഗൂഗിളിന്റെ എഐ ചിപ്പുകൾ ബഹിരാകാശത്ത് എത്തിക്കാനും ഇരു കമ്പനികളും സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്.
Conflict of business interests; Google executive Donald Harrison leaves SpaceX board











