
സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ദീപാവലി ആഘോഷ പരിപാടികൾക്ക് നേരെ തീവ്രവലതുപക്ഷ പ്രവർത്തകരുടെ അക്രമശ്രമം. അധിക്ഷേപകരമായ പ്ലക്കാർഡുകളുമായി ആഘോഷം തടസ്സപ്പെടുത്താൻ ശ്രമിച്ച തീവ്രവലതുപക്ഷ ആക്ടിവിസ്റ്റ് ജേക്ക് ലാങ്ങിനെയും സംഘത്തെയും ചടങ്ങിൽ പങ്കെടുത്തവർ ചേർന്ന് തടയുകയും സ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ നടന്നുകൊണ്ടിരുന്ന വേദിയിലേക്കാണ് ഇവർ അതിക്രമിച്ചു കയറിയത്.
“എല്ലാ ഡോട്ട് ഹെഡ്സുകളെയും നാടുകടത്തുക”, “ക്രിസ്ത്യാനികൾക്ക് പകരം ഹിന്ദുക്കളെ പ്രതിഷ്ഠിക്കുന്നത് നിർത്തുക” തുടങ്ങിയ വംശീയ അധിക്ഷേപങ്ങൾ അടങ്ങിയ ബോർഡുകളുമായാണ് സംഘം എത്തിയത്. സംഭവത്തിന് പിന്നാലെ ഹിന്ദുക്കൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ജേക്ക് ലാങ് വീണ്ടും രംഗത്തെത്തി. ടെക്സാസ് സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാർട്ടി വിജയിക്കാൻ കാരണം ഹിന്ദുക്കളാണെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ അധിക്ഷേപം. 2021 ജനുവരി 6-ലെ കാപ്പിറ്റോൾ ആക്രമണക്കേസിൽ നാല് വർഷം തടവുശിക്ഷ അനുഭവിച്ച ജേക്ക് ലാങ്ങിന്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ രണ്ടാം ഭരണകാലത്തിന്റെ ആദ്യദിനത്തിൽ പൊതുമാപ്പ് നൽകിയിരുന്നു.
I am beyond disgusted by this vile and racist display. Diwali is an important holiday and our community should feel safe to celebrate it. This hateful display has no place in our city or this country.
— Rep. Pramila Jayapal (@RepJayapal) November 8, 2026
വംശീയ അക്രമശ്രമത്തിനെതിരെ യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ ഉൾപ്പെടെയുള്ള പ്രമുഖർ കടുത്ത അമർഷം രേഖപ്പെടുത്തി. ഇതൊരു ശുദ്ധമായ വംശീയ പ്രകടനമാണെന്നും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് ഭയമില്ലാതെ തങ്ങളുടെ പാരമ്പര്യം ആഘോഷിക്കാനുള്ള അവകാശമുണ്ടെന്നും പ്രമീള ജയപാൽ പറഞ്ഞു. ഇത്തരം വിദ്വേഷ പ്രകടനങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ-അമേരിക്കൻ വ്യവസായി അജയ് ജെയിൻ ഭൂട്ടോറിയയും വ്യക്തമാക്കി.
തീവ്രവലതുപക്ഷ സംഘടനകൾ മറ്റ് ദീപാവലി ആഘോഷങ്ങളും തടസ്സപ്പെടുത്താൻ പദ്ധതിയിടുന്നതായി വിവരമുണ്ടെന്നും അതിനാൽ സിയാറ്റിലിലെയും പരിസര പ്രദേശങ്ങളിലെയും ഹിന്ദു സമൂഹങ്ങൾ ജാഗ്രത പാലിക്കണമെന്നും ദി കോയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക മുന്നറിയിപ്പ് നൽകി. ദിവസങ്ങൾക്ക് മുൻപ് ഷിക്കാഗോയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ വൻതോതിൽ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട നാസി പ്രത്യയശാസ്ത്രക്കാരനായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിയാറ്റിലിലും സമാനമായ രീതിയിൽ അക്രമശ്രമം ഉണ്ടായിരിക്കുന്നത്.
Far-right group attempts to disrupt Diwali celebration in Seattle; sparks widespread protest.











