പെട്രോളിൽ എഥനോൾ കലർത്തുന്നത് പമ്പുകളിൽ വെച്ച്, എല്ലാം കേന്ദ്രം മറച്ചുവയ്ക്കുന്നു, തെളിവുണ്ട്; രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി

ന്യൂഡൽഹി: പെട്രോളിൽ നിശ്ചിത അളവിലും കൂടുതൽ എഥനോൾ കലർത്തുന്നു എന്ന ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്ത്. അമിതമായി എഥനോൾ ചേർക്കുന്നത് മൂലം രാജ്യത്ത് ആയിരക്കണക്കിന് വാഹനങ്ങൾക്ക് എഞ്ചിൻ തകരാറുകളും മൈലേജ് കുറയുന്നതുൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളും നേരിടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിഷയം മൂടിവെക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 67 പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ശിവകുമാർ വ്യക്തമാക്കി. നിലവിൽ അന്വേഷണത്തിന്റെ 30 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പെട്രോൾ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളിൽ നിന്നല്ല, മറിച്ച് വിതരണക്കാരായ പെട്രോൾ പമ്പുകളിൽ വെച്ചാണ് ഈ നിയമവിരുദ്ധമായ മിശ്രണം നടക്കുന്നതെന്നും ഇതിനാവശ്യമായ വ്യക്തമായ തെളിവുകളും രേഖകളും സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിലകുറഞ്ഞ എഥനോൾ പെട്രോളിൽ അമിതമായി കലർത്തി വൻ ലാഭമുണ്ടാക്കാനാണ് പമ്പുടമകൾ ശ്രമിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വലിയൊരു ആശങ്കയാണ്. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ അന്വേഷണ വിവരങ്ങൾ സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വാർത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ബെംഗളൂരു, കോലാർ, മംഗളൂരു ഉൾപ്പെടെയുള്ള ഏഴ് പ്രധാന നഗരങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ, അനുവദനീയമായ 20 ശതമാനത്തിനും (E20) മുകളിൽ 31.2 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് കർണാടക സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും തമ്മിൽ ശക്തമായ തർക്കമാണ് നിലനിൽക്കുന്നത്.

എന്നാൽ കർണാടക സർക്കാരിന്റെ ഈ ആരോപണങ്ങൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ പൂർണ്ണമായി തള്ളിപ്പറഞ്ഞു. തങ്ങൾ വിതരണം ചെയ്യുന്ന പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതാണെന്ന് കമ്പനികൾ വ്യക്തമാക്കി. സംസ്ഥാന സർക്കാർ നടത്തിയ പരിശോധനകൾ കൃത്യമായ നിയമപരമായോ സാങ്കേതികമായോ ഉള്ള നടപടിക്രമങ്ങൾ പാലിക്കാത്ത മൂന്നാം കക്ഷി ലബോറട്ടറികളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എണ്ണക്കമ്പനികൾ ആരോപിച്ചു.

Ethanol is blended into petrol at the pumps; the Centre is concealing everything—and there is proof, says the Karnataka Chief Minister, launching a sharp criticism.

More Stories from this section

family-dental
witywide