കൊച്ചി: കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഒത്തുതീർപ്പായതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കമ്പനി അധികൃതരുമായി നടത്തിയ നിർണായക ചർച്ചയിലാണ് തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനമുണ്ടായത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി അധികമായി നൽകാൻ അമേരിക്കൻ കമ്പനി സമ്മതിച്ചതായി മന്ത്രി വ്യക്തമാക്കി. ആദ്യം നൽകിയ രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണിത്.
ഈ മാസം 26-ാം തീയതിക്ക് മുൻപായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറും. ശമ്പളത്തിന് പുറമെ, ജീവനക്കാർക്ക് മറ്റ് ജോലികൾ കണ്ടെത്തുന്നതിന് ആവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ രേഖകളും കമ്പനി കൃത്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഈ അനുരഞ്ജന ചർച്ചയിൽ പങ്കെടുത്തു.
കമ്പനി അധികൃതരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് തീരുമാനത്തിൽ പൂർണ്ണ തൃപ്തരാണെന്ന് കോറോ ഹെൽത്തിലെ ജീവനക്കാർ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച പരിഹാരമാണിതെന്നും സർക്കാരിന്റെ ശക്തമായ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയതെന്നും അവർ പറഞ്ഞു. ലഭിക്കുന്ന അഞ്ച് മാസത്തെ ശമ്പളം കൊണ്ട് പുതിയ ജോലികൾ കണ്ടെത്താൻ തങ്ങൾക്ക് ആവശ്യമായ സമയം ലഭിക്കുമെന്നും തൊഴിലാളികൾ കൂട്ടിച്ചേർത്തു.
Coro Health Mass Layoffs Resolved: Minister Bindu Krishna Announces 7 Months’ Salary for Employees















