
ടെൽ അവീവ്: അമേരിക്ക ഇറാനെതിരായ ആക്രമണം പുനരാരംഭിച്ചതോടെ രാജ്യത്തെ നിലവിലെ ഭരണകൂടം തകർച്ചയുടെ വക്കിലെത്തിയെന്നും ഉടൻ തന്നെ നിലംപൊത്തുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ വാരാന്ത്യത്തിൽ യുഎസ് ആക്രമണങ്ങൾ ശക്തമാക്കിയതോടെ ഇറാൻ ഭരണകൂടം മുൻപെങ്ങുമില്ലാത്തവിധം ദുർബലമായ അവസ്ഥയിലാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സൈനിക മേധാവികൾ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ ഭരണകൂടം നിലവിൽ സ്വന്തം നിലനിൽപ്പിനായി പതറുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഇറാനിൽനിന്നുള്ള ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്രായേലിന് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് തങ്ങൾക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും അത് അസാധ്യമല്ലെന്നും, മറിച്ച് കൈയെത്തും ദൂരത്താണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഒക്ടോബർ 27-ന് ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ഈ പരാമർശം. ഇറാൻ വിഷയത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ചില അഭിപ്രായ സർവേകളിൽ നെതന്യാഹു പിന്നിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇറാൻ മറ്റുള്ളവരെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോഴും ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാത്തത് യാദൃച്ഛികമല്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ സൈനിക കരുത്തും നിശ്ചയദാർഢ്യവും ഇറാന് നന്നായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28-ന് ഇസ്രായേലുമായി ചേർന്ന് ആരംഭിച്ച യുദ്ധത്തിന്റെ ലക്ഷ്യം ഇറാനിലെ ഭരണകൂട മാറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പലവട്ടം വ്യക്തമാക്കിയിരുന്നു. യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യദിനം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവിന്റെ മകൻ പിന്നീട് അധികാരമേറ്റെന്നും അദ്ദേഹം കൂടുതൽ കടുത്ത നിലപാടുകാരനായാണ് വിലയിരുത്തപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇറാനിൽ ഇതിനകം ഭരണകൂട മാറ്റം സംഭവിച്ചുകഴിഞ്ഞുവെന്നാണ് ട്രംപിന്റെ അവകാശവാദം. പരാജയപ്പെട്ട രാജ്യമായ ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുകയാണ് യുദ്ധത്തിലെ പ്രധാന ലക്ഷ്യമെന്നാണ് ട്രംപ് ഒടുവിൽ വ്യക്തമാക്കിയിട്ടുള്ളത്.










