
ജന്തർ മന്തറിലെ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനി നിഷുവിന്റെ പിതാവ് സഞ്ജയിനെ മർദ്ദിച്ച തീവ്ര ഹിന്ദുസംഘടന പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും. ദലിത് ആക്ടിവിസ്റ്റ് കൂടിയായ നിഷുവിന്റെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്നും, ബി.ജെ.പി നേതാവ് കപിൽ മിശ്രയടക്കമുള്ളവരുടെ സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്നും സ്വതന്ത്ര ഭരദ്വാജ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
തലയ്ക്ക് ഗുരുതര പരിക്കേൽപ്പിച്ചിട്ടും ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകൾ മാത്രമാണ് പൊലീസ് ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ സി.ജെ.പി പ്രവർത്തകർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. സി.ജെ.പി നേതാക്കളായ അശുതോഷ് രൻഗ, സൗരവ് ദാസ് എന്നിവർ നിഷുവിനും പിതാവിനുമൊപ്പം പൊലീസിനെ കാണാൻ അകത്തേക്ക് പോവുകയും, പിന്നാലെ ചന്ദ്രശേഖർ ആസാദ് എം.പിയും യൂത്ത് കോൺഗ്രസ് നേതാക്കളും പിന്തുണയുമായി സ്ഥലത്തെത്തുകയും ചെയ്തു.
മൂന്ന് മണിക്കൂറോളം റോഡ് ഉപരോധിച്ച് പ്രവർത്തകർ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിൽ വധശ്രമത്തിനും എസ്.സി/എസ്.ടി വിഭാഗത്തിനെതിരായ അതിക്രമത്തിനുമെതിരെ കേസ് എടുക്കാമെന്ന് പൊലീസ് സമ്മതിച്ചു. മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്ന് നാളെ നടത്താനിരുന്ന സമരം സി.ജെ.പി പിൻവലിച്ചിട്ടുണ്ട്. ബ്രിക്സ് (BRICS) ഉച്ചകോടി നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കുപോക്കുണ്ടായത്.
Protests Force Delhi Police Action: Swatantra Bharadwaj Detained Over Attack on Student Leader’s Father












