
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലുള്ള രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ്ബിയുവിന്റെ കേന്ദ്ര ആസ്ഥാനത്തിന് നേരെ റഷ്യയുടെ കടുത്ത ഡ്രോൺ ആക്രമണം. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയാണ് വിവരം പുറത്തുവിട്ടത്. ചരിത്രപ്രാധാന്യമുള്ള യുനെസ്കോ പൈതൃക കേന്ദ്രമായ സെന്റ് സോഫിയ കത്തീഡ്രലിന് എതിർവശത്തുള്ള വോളോഡിമിർസ്ക സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും തന്ത്രപ്രധാനമായ ഈ സർക്കാർ മന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
തുടർച്ചയായ എട്ട് ദിവസങ്ങളായി കീവ് നഗരത്തിന് നേർക്കുണ്ടായ രൂക്ഷമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ നേരിട്ടുള്ള ആക്രമണം. കഴിഞ്ഞ മാസം ആരംഭിച്ച ആക്രമണ പരമ്പരയിൽ ഇതുവരെ കീവിലും പരിസര പ്രദേശങ്ങളിലുമായി കുറഞ്ഞത് 53 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എസ്ബിയു ആസ്ഥാനത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
യുക്രെയ്നിന്റെ വ്യോമ പ്രതിരോധ മിസൈലുകളുടെ കടുത്ത ക്ഷാമം മുതലെടുത്താണ് റഷ്യൻ ഡ്രോണുകൾ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തേക്ക് തുളച്ചുകയറുന്നത്. നഗരമധ്യത്തിലെ കെട്ടിടങ്ങൾക്ക് പുറമെ വ്യാവസായിക കേന്ദ്രങ്ങൾക്കും കൊക്കാകോള നിർമ്മാണശാല അടക്കമുള്ള പ്രാന്തപ്രദേശങ്ങളിലെ ഫാക്ടറികൾക്കും നേരെ കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ ബോംബർഷണം ഉണ്ടായിരുന്നു. യുക്രെയ്നിന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കാതെ വരുന്നത് യുദ്ധരംഗത്ത് കടുത്ത തിരിച്ചടിയാകുന്നുണ്ട്.













