‘ഇനി നിയമസഭയല്ല, പഞ്ചായത്ത് പോലും കാണില്ല’, ബിന്ദു കൃഷ്ണക്കെതിരെ കടുത്ത സൈബര്‍ ആക്രമണം, വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ വിമർശനം

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം. പ്രധാനമായും യുഡിഎഫ്, കോൺഗ്രസ് അനുകൂലികളിൽ നിന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉയരുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കടുത്ത വിമർശന കമന്റുകളാണ് നിറയുന്നത്. “ഇനി നിയമസഭയല്ല, പഞ്ചായത്ത് പോലും കാണില്ല”, “താങ്കളെ ജയിപ്പിച്ച് മന്ത്രിയാക്കിയത് വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല” തുടങ്ങിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഇതിനിടെ, വിഷയത്തിൽ കോൺഗ്രസ് നേതാക്കളും വിമർശനവുമായി രംഗത്തെത്തി. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ സന്ദർശിച്ചത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ പറഞ്ഞു. മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മര്യാദയും മൂല്യാധിഷ്ഠിത നിലപാടും പ്രതീക്ഷിക്കുന്നുവെന്നും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് അകലം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിലും രംഗത്തെത്തി. സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് മുന്നിൽ മന്ത്രിയെ ഒറ്റപ്പെടുത്താൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്നും ഏത് ഘട്ടത്തിലും അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകളോട് സംഘടനയ്ക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് വിഷ്ണു സുനിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന നിലപാട് കൂടുതൽ അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ മാത്രമല്ല സന്ദർശിച്ചതെന്നും എൻഎസ്എസ് ആസ്ഥാനം, കത്തോലിക്കാ സഭാ നേതൃത്വങ്ങൾ, ഇസ്ലാം മതനേതാക്കൾ തുടങ്ങി വിവിധ സമുദായ-മത സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വിഷ്ണു സുനിൽ പറഞ്ഞു. ഇത് ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമല്ലെന്നും എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകുക എന്ന യുഡിഎഫ് നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide