നിലപാടിൽ ഉറച്ചും ഉരുണ്ടുകളിച്ചും എം വി ജയരാജൻ, പാർട്ടി സെക്രട്ടറിക്ക് അതൃപ്തിയില്ലെന്നും മറുപടി, വിഴിഞ്ഞത്തിലും പിഎം ശ്രീയിലും വിമതരോട് ചോദ്യങ്ങളും

തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്ന തൻ്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. തന്നെ തള്ളിയുള്ള പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി ജയരാജൻ വീണ്ടും രംഗത്തെത്തിയത്. താൻ പറഞ്ഞ കാര്യങ്ങളിൽ പാർട്ടി സെക്രട്ടറിക്ക് യാതൊരു വിധ അതൃപ്തിയുമില്ലെന്നും, തൻ്റെ പ്രതികരണത്തോട് നിലപാട് വ്യക്തമാക്കേണ്ടത് പാർട്ടി വിട്ടുപോയ വിമത എംഎൽഎമാരാണെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റ് തിരുത്തിയത് കൊണ്ടാണ് കെ ആർ ഗൗരിയമ്മയും എം വി രാഘവനും അവസാനകാലത്ത് ചെങ്കൊടിയോടൊപ്പം ചേർന്ന് പ്രവർത്തിച്ചതെന്ന വാദം അദ്ദേഹം ആവർത്തിച്ചു. എന്നാൽ പിന്നീട് പിഎം ശ്രീ പദ്ധതിയും വിഴിഞ്ഞം തുറമുഖവും അടക്കമുള്ള വികസന കാര്യങ്ങൾ ഉയർത്തിക്കാട്ടി വിമതർക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കാനും ജയരാജൻ തയ്യാറായി. വഞ്ചന തങ്ങൾ ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരമാണിതെന്നും, എന്നാൽ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്നാൽ അവർ പാർട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് തെളിയിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരവരുടെ മണ്ഡലങ്ങളിൽ അനുവദിച്ച കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ഇവർ കത്തെഴുതുമോ എന്നും ജയരാജൻ ചോദിച്ചു.

എം വി ജയരാജന്റേത് പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ലെന്നും ഓരോരുത്തരും വ്യക്തിപരമായി ചാനലുകളിൽ പറയുന്നതിന് മറുപടി നൽകാനില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ജയരാജന്റെ ഈ പുതിയ പ്രതികരണം. ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണെന്നും വിമതരായി മത്സരിച്ച വർഗവഞ്ചകരെ രാഷ്ട്രീയമായി വിമർശിക്കുന്നത് പാർട്ടി തുടരുമെന്നുമായിരുന്നു ഗോവിന്ദൻ്റെ നിലപാട്. എന്നാൽ ഇതിന് പിന്നാലെയും തൻ്റെ മുൻ നിലപാടുകളിൽ വലിയ മാറ്റം വരുത്താതെ, അതേസമയം മറ്റ് വികസന വിഷയങ്ങൾ കൂടി ചർച്ചയിലേക്ക് കൊണ്ടുവന്നാണ് ജയരാജൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

MV Jayarajan stands firm on his statement despite party chief’s rejection, challenges rebel MLAs to clear their stance

More Stories from this section

family-dental
witywide