
മധുര: തിരുപ്പരൻകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ കാർത്തികദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ മധുരയിൽ സുരക്ഷ ശക്തമാക്കി തമിഴ്നാട് സർക്കാർ. ജില്ലയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമെ 5,618 പോലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിനൊപ്പം ക്രമസമാധാനവും സാമുദായിക സൗഹാർദവും ഉറപ്പാക്കാനാണ് സർക്കാർ നീക്കം.
തിങ്കളാഴ്ച രാത്രി ഒൻപത് മണി മുതൽ ബുധനാഴ്ച രാവിലെ 10 മണി വരെയാണ് നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, ഘോഷയാത്രകൾ എന്നിവയ്ക്ക് വിലക്കുണ്ട്. തിരുപ്പരൻകുണ്ഡ്രം കുന്നിലേക്ക് കയറുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സംഘടിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സുരക്ഷയുടെ ഭാഗമായി 70-ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ക്ഷേത്രപരിസരത്തും സമീപ പ്രദേശങ്ങളിലും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും വീട്ടുതടങ്കലിലാക്കിയെന്ന് ബിജെപി ആരോപിച്ചു. തിരുപ്പരൻകുണ്ഡ്രത്തേക്ക് പോകുന്നത് പോലീസ് തടഞ്ഞതായും നേതൃത്വം ആരോപിക്കുന്നു. നൈനാർ നാഗേന്ദ്രന്റെ വസതിക്കു മുന്നിൽ 40-ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഏകദേശം 750 ബിജെപി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയെന്നുമാണ് ആരോപണം.
വിജയ് സർക്കാർ ആരാധനാ സ്വാതന്ത്ര്യം തടയുകയാണെന്ന് ബിജെപി ഐ.ടി സെൽ സംസ്ഥാന സെക്രട്ടറി ശക്തികൃഷ്ണൻ ആരോപിച്ചു. കഴിഞ്ഞ വർഷത്തെ ദീപം വിവാദവുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റുകൾക്ക് സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുപ്പരൻകുണ്ഡ്രം കുന്നിന് മുകളിലുള്ള സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപത്തെ പുരാതന കൽത്തൂണായ ‘ദീപത്തൂണി’ൽ കാർത്തികദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. 2025 നവംബറിൽ അന്നത്തെ ഡിഎംകെ സർക്കാർ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദീപം തെളിയിക്കാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഭക്തനായ രാമ രവികുമാർ നൽകിയ ഹർജിയിൽ ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ ടിവികെ സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
നവംബർ 20-ന് പുറപ്പെടുവിച്ച ഉത്തരവിൽ നവംബർ 24-ന് ഒരു ദിവസത്തേക്ക് ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ദർഗയിലെയും പള്ളിയിലെയും ആരാധന തടസ്സപ്പെടരുതെന്ന വ്യവസ്ഥയോടെയാണ് അനുമതി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മതപരമായ ചടങ്ങുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. പോലീസ് നിയന്ത്രണങ്ങൾക്ക് വിധേയമായി ദർഗയിലേക്കും സമീപ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാനും അനുമതിയുണ്ട്.
അതിനിടെ, വിഷയത്തിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളും ശക്തമായി. വർഗീയ സംഘർഷം സൃഷ്ടിക്കാനാണ് ആർഎസ്എസും ഹിന്ദു മുന്നണിയും ബിജെപിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗൂർ ആരോപിച്ചു. ഡിഎംകെ സർക്കാരിന്റെ അതേ നിലപാടാണ് ടിവികെ സർക്കാരും സ്വീകരിക്കുന്നതെന്ന് എഐഎഡിഎംകെയും കുറ്റപ്പെടുത്തി.
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനൊപ്പം ക്രമസമാധാനം ഉറപ്പാക്കേണ്ട സാഹചര്യത്തിൽ വിജയ് സർക്കാരിന് തിരുപ്പരൻകുണ്ഡ്രം വിഷയം വലിയ രാഷ്ട്രീയ-ഭരണപരീക്ഷണമായി മാറുകയാണ്.















