
അന്താരാഷ്ട്ര ലഹരിമാഫിയ തലവനും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയുമായ സലിം ദോലയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) അറസ്റ്റ് ചെയ്തു. തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് പിടിയിലായ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എൻസിബി ഉദ്യോഗസ്ഥർ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ ലഹരിക്കടത്ത് കേസുകളിൽ പ്രതിയായ ഇയാൾ വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.
മുംബൈ സ്വദേശിയായ സലിം ദോല ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നീളുന്ന വൻ ലഹരി ശൃംഖലയിലെ പ്രധാനിയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി പിടികൂടിയ നിരവധി ഹെറോയിൻ, രാസലഹരി കേസുകളിൽ ഇയാൾക്ക് പങ്കുണ്ട്. മുംബൈ പോലീസിന്റെയും ഗുജറാത്ത് ഭീകരവിരുദ്ധ സേനയുടെയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ടായിരുന്ന ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിദേശത്തുള്ള ലഹരിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ ഗ്ലോബൽ ഹണ്ടിന്റെ’ ഭാഗമായാണ് ഈ നടപടി.
സലിം ദോലയുടെ അറസ്റ്റ് നിർണായകമാണെന്നും മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ കേന്ദ്രസർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുടെ തുടർച്ചയാണിതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലോകത്ത് എവിടെ പോയി ഒളിച്ചാലും ലഹരി മാഫിയ സുരക്ഷിതരായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിവിധ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ മുംബൈയിലേക്ക് കൊണ്ടുപോകും.
Dawood Ibrahim’s aide Salim Dola arrested in Delhi after deportation from Turkey














