ഗുണ്ടാപ്പകയിൽ നിരപരാധിയായ യുവതി കൊല്ലപ്പെട്ട കേസ്: യുഎസിൽ 15 വയസ്സുകാരന് 100 വർഷവും കൂട്ടുപ്രതിക്ക് 125 വർഷവും തടവ്

വാഷിംഗ്ടൺ: ഇൻഡ്യാനയിലെ ആൻഡേഴ്സണിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് നടന്ന വെടിവെയ്പ്പിൽ യുവതി കൊല്ലപ്പെട്ട കേസിൽ 15 വയസ്സുകാരന് 100 വർഷം കഠിനതടവ്. ഇൻഡ്യാന സ്വദേശിയായ ജോമാജ്സെ ലാറി എന്ന പതിനഞ്ചുകാരനെയാണ് മാഡിസൺ കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി ഡേവിഡ് ഹാപ്പെ ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ റഷോൺ സാമുവൽസിന് (19) കോടതി 125 വർഷത്തെ തടവുശിക്ഷയും വിധിച്ചു.

‘മിക്കി കോബ്ര നേഷൻ’ എന്ന കുപ്രസിദ്ധ ക്രിമിനൽ സംഘത്തിലെ അംഗങ്ങളായ ഇവർ, മറ്റൊരു കൊലപാതകക്കേസിലെ പ്രധാന സാക്ഷിയെ വധിക്കാൻ നൈറ്റ് ക്ലബ്ബിന് പുറത്ത് വെച്ച് നടത്തിയ വെടിവെയ്പ്പിലാണ് നിരപരാധിയായ ഡെയ്‌ല സ്വെയ്ൻ (26) എന്ന യുവതി കൊല്ലപ്പെട്ടത്. വെടിവെയ്പ്പിൽ മറ്റൊരു യുവതിക്ക് പരിക്കേൽക്കുകയും, അക്രമികൾ കാറോടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് മൂന്നാമതൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്വെയ്ന്ൻ്റെ കൊലപാതകത്തിന് 50 വർഷവും, നിരോധിത ക്രിമിനൽ സംഘടനയിൽ പ്രവർത്തിച്ചതിന് മറ്റൊരു 50 വർഷവും ചേർത്ത് ആകെ 100 വർഷത്തെ തടവാണ് പ്രായപൂർത്തിയാകാത്ത ലാറിക്ക് കോടതി ചുമത്തിയത്. സഹപ്രതിയായ സാമുവൽസിന് ഇരു കുറ്റങ്ങൾക്കുമായി 62.5 വർഷം വീതം ആകെ 125 വർഷത്തെ ശിക്ഷയും ലഭിച്ചു. ക്രിമിനൽ സംഘടനകൾ പൊതുസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.

കൊലപാതകം നടക്കുമ്പോൾ ലാറിക്ക് 18 വയസ്സിൽ താഴെയായിരുന്നതിനാൽ, ഇൻഡ്യാന നിയമപ്രകാരം 20 വർഷത്തെ തടവ് പൂർത്തിയാക്കിയ ശേഷം ശിക്ഷാ പുനഃപരിശോധനയ്ക്കായി അപേക്ഷിക്കാൻ ലാറിക്ക് അവകാശമുണ്ടായിരിക്കും. കേസിലെ മറ്റൊരു പ്രതിയായ കൈറി ക്രാവറെ (19) നേരത്തെ കോടതി 90 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നാലാമത്തെ പ്രതിയുടെ വിചാരണ ഉടൻ ആരംഭിക്കും.

2023-ൽ നടന്ന ജൂലിയൻ ക്രെയ്ഗ് എന്ന 15 വയസ്സുകാരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാര നടപടികളാണ് ഈ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രൊസിക്യൂട്ടർമാർ വ്യക്തമാക്കി. ക്രെയ്ഗ് വധക്കേസിലെ സാക്ഷിയെ ഇല്ലാതാക്കാൻ പ്രതികൾ നടത്തിയ ആസൂത്രിത നീക്കത്തിനിടയിലാണ് ലക്ഷ്യമിട്ട വ്യക്തി മാറി ഡെയ്‌ല സ്വെയ്ൻ വെടിയേറ്റ് മരിച്ചത്.

Innocent woman killed in gangland killing case: 15-year-old gets 100 years in prison, co-accused gets 125 years

More Stories from this section

family-dental
witywide