
ഹ്യൂസ്റ്റൺ: ജനാധിപത്യമെന്നാൽ എല്ലാ മനുഷ്യൻ്റേയും അവസര സമത്വമാണെന്നും അതിനായി ലോകം ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുൻ മന്ത്രി കെ. കെ. ഷൈലജ. അമേരിക്കയും ഇന്ത്യയും മഹത്തായ ജനാധിപത്യ രാജ്യങ്ങളാണ്. ജനാധിപത്യം ഈ ലോകത്ത് എല്ലായിടത്തും വരുമ്പോൾ മാത്രമേ മനുഷ്യ ജീവിതം സുസ്ഥിരമാവുകയുള്ളു..ഫോമായുടെ രാജ്യാന്തര കൺവൻഷനിൽ സംസാരിക്കുകയായിരുന്നു ഷൈലജ.
ഫോമായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ടീച്ചർ അനുസ്മരിച്ചു. താൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരം റീജണൽ കാൻസർ സെൻ്ററിലെ കുട്ടികളുടെ വാർഡ് കുട്ടികൾക്ക് അനുയോജ്യമാം വിധം മാറ്റിയെടുത്തത് ഫോമായുടെ സഹായം കൊണ്ടാണ്. ചുമരുകളിലെ കാർട്ടൂണുകളും നേർത്ത സംഗീതവും അസുഖ ബാധിതരായ കുഞ്ഞുങ്ങൾക്ക് ഏറെ ആശ്വാസമാണ്. 2018, 2019 വർഷങ്ങളിൽ കേരളം പ്രളയത്തിൽ ദുരിതം അനുഭവിച്ചപ്പോൾ അതിൽ നിന്ന് കരകയറാൻ സഹായിച്ചത് ഫോമായുടെ കൂടി പ്രവർത്തനംകൊണ്ടാണെന്ന് ഷൈലജ ടീച്ചർ ഓർമിപ്പിച്ചു.
കേരളം അഭിമാനിക്കാൻ കഴിയുന്ന ഇടമാണ്. ഇന്ത്യയിൽ മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും മികച്ച മുന്നേറ്റങ്ങളുണ്ടായ സംസ്ഥാനമാണ് കേരളം. പല സൂചികകളിലും നമ്മൾ ഏറ്റവും മുന്നിലാണ്. എന്നാൽ ഇനിയും കേരളം ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. കേരളത്തെ കുറച്ചുകൂടി മെച്ചപ്പെട്ട ഇടമാകാൻ നിങ്ങളുടെ സഹായം ആവശ്യമാണ്. നിങ്ങളുടെ അധ്വാനത്തിൻ്റെ ഒരു അംശം കേരളത്തിൻ്റെ സ്വപ്നങ്ങൾ സാക്ഷികരിക്കാനായി മാറ്റിവയ്ക്കണമെന്ന് ടീച്ചർ അഭ്യർഥിച്ചു. മലയാളികൾ ലോകത്തിൽ എവിടെ ചേക്കേറിയാലും മലയാളത്തിൻ്റെ മണ്ണിനെ മറക്കാതെ ഫോമാ പോലുള്ള സംഘടനകൾ രൂപംകൊടുക്കുന്നതും ഒരുമിച്ച് നിൽക്കുന്നതും സന്തോഷം പകരുന്ന കാര്യമാണ്. ഇനിയും ഒരുമയോടെ മുന്നോട്ടു പോകണമെന്നും എല്ലവർക്കും മുൻകൂട്ടി ഓണാശംസകൾ അർപ്പിക്കുന്നതായും ഷൈലജ ടീച്ചർ അറിയിച്ചു.

ലോകം മുഴുവനുമുള്ള മലയാളികൾക്ക് മാതൃകയാകുന്ന രീതിയിലുള്ള മികവുറ്റ പ്രവർത്തനങ്ങളാണ് ഫോമ കാഴ്ചവയ്ക്കുന്നത് എന്ന് പ്രസിഡൻ്റ് ബേബി മണക്കുന്നേൽ. ഈ ഭരണസമിതിയുടെ ഒരുമയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഫോമാ വലിയ ഒരു പ്രസ്ഥാനമായി മാറി. 12 റീജിയനുകളുണ്ടായിരുന്ന ഫോമയ്ക്ക് ഇപ്പോൾ 15 റീജിയനുകളായി, 84 അസോസിയേഷനുകളുകളുണ്ടായിരുന്നിടത്ത് 100 അസോസിയേഷനുകൾ അംഗങ്ങളായി. ഉജ്ജ്വലമായ രീതിയിലാണ് ഈ കൺവൻഷൻ മുന്നോട്ടു പോകുന്നതെന്നും ബേബി മണക്കുന്നേൽ പറഞ്ഞു.
ഈ ഭരണ സമിതിയുടെ കാലത്ത് നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങൾ ഫോമാ സംഘടിപ്പിച്ചതായി ട്രഷറർ സിജിൽ പാലക്കലോടി പറഞ്ഞു. കാസർകോട്ട് എൻഡോസൾഫാൻ ബാധിതരായവർക്ക് വീൽ ചെയറുകൾ നൽകി. ഉരുൾപൊട്ടലിൽ ദുരിതം അനുഭവിച്ച വയനാട്ടിൽ സഹായവുമായി ഫോമാ ഓടിയെത്തി. കൊല്ലത്തെ അദിവാസി സമൂഹത്തിനായി സ്വയം തൊഴിൽ പദ്ധതികൾ നടപ്പിലാക്കി. തൃശൂരും മാവേലിക്കരയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വിമൻസ് ഫോറം സമ്മിറ്റ് ഫിലാഡൽഫിയയിൽ നടത്തി, താമ്പായിൽ വച്ച് യൂത്ത് സമ്മിറ്റ് നടത്തി. കഴിഞ്ഞ പോകുന്ന രണ്ടു വർഷം ഏറെ ഫലപ്രദമായി ഒരുമയോടെ ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിന് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഭരണസമിതിയുടെ കാലത്ത് നിരവധി സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയെന്നു മാത്രമല്ല യുഎസ് മുഴുവൻ ഉള്ള മലയാളികളുമായി ഊഷ്മളമായ സൌഹൃദ ബന്ധം സ്ഥാപിക്കാൻ ഫോമാ വഴി തുറന്നെന്ന് വൈസ് പ്രസിഡൻ്റ് ഷാലൂ പുന്നൂസ്. ഏകോദര സഹോദരങ്ങളെ പോലെ ഒറ്റക്കെട്ടായി ഭരണസമിതി പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഈ കൺവൻഷൻ ഒരുമയുടേയും ആഘോഷം മാത്രമല്ല കേരളത്തിൻ്റെ സാംസ്കാരിക കൂട്ടായ്മയുടെ കരുത്തിൻ്റെ വിളംബരം കൂടിയാണ് കൊണ്ടാടുന്നതെന്ന് ജോയിൻ്റ് ട്രഷറർ പോൾ ജോസ് പറഞ്ഞു. സമൂഹത്തിൻ്റെ നിരവധി തലങ്ങളിൽ ഫോമായുടെ കരങ്ങൾ എത്തയിട്ടുണ്ട്. ആ ജൈത്ര യാത്ര തുടരുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജ് ജൂലി മാത്യു കൺവൻഷന് എല്ലാ ആശംസകളും നേർന്നു.

യുഎസിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും മലയാളികൾ അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനൊപ്പം അവരുടെ ആവശ്യങ്ങളും വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവരുടെ പ്രതിനിധ്യം രാഷ്ട്രീയ – സാമൂഹിക മണ്ഡലങ്ങളിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ പറഞ്ഞു. കുടിയേറി വന്നവരുടെ മൂന്നാം തലമുറയും നാലാം തലമുറയുമൊക്കെയാണ് ഇപ്പോൾ അമേരിക്കയിലുള്ളത് . അമേരിക്കയുടെ മുഖ്യധാരയിലേക്ക് നമ്മുടെ സമൂഹം കടന്നു വരണം അതിനായി പ്രവർത്തിക്കണം. അദ്ദേഹം പറഞ്ഞു.
ഫോമായുടെ ലിറ്റററി മാഗസിനായ അക്ഷര കേരളത്തിൻ്റെ പുതിയ പ്രിൻ്റ് പതിപ്പിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ചീഫ് എഡിറ്റർ തമ്പി ആൻ്റണി അക്ഷരകേരളത്തെ സദസ്സിന് പരിചയപ്പെടുത്തി. . സൈജൻ കണിയോടിക്കൽ (മാനേജിങ് എഡിറ്റർ), പ്രിയ ഉണ്ണിക്കൃഷ്ണൻ ( അസിസ്റ്റൻ്റ് എഡിറ്റർ), സണ്ണി കളിയൂപാറ (കണ്ടൻ്റ് എഡിറ്റർ), ദേവദാസ് ( ചീഫ് ആർടിസ്റ്റ്) എന്നിവരാണ് അക്ഷരകേരളത്തിൻ്റെ അണിയറ ശിൽപികൾ.
“FOMA’s role in Kerala’s flood survival and RCC development is huge”: K. K. Shailaja at the Foma Convention















