യാത്രാ നയം കർശനമാക്കി അമേരിക്കൻ എയർലൈൻസ്; ഇനി ബുക്കിംഗ് റദ്ദാക്കിയാൽ പണം തിരികെ കിട്ടാൻ ബുദ്ധിമുട്ടും

ന്യൂയോർക്ക്: പ്രമുഖ വിമാനക്കമ്പനിയായ അമേരിക്കൻ എയർലൈൻസ് തങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കൽ, റീഫണ്ട് നയങ്ങൾ കൂടുതൽ കർശനമാക്കി. യാത്രകൾ തടസ്സപ്പെടുമ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ ലഭിക്കുന്നത് തടയുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ.

ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പണം തിരികെ ലഭിക്കുന്ന ആനുകൂല്യം ഇനി മുതൽ യാത്ര തിരിക്കുന്നതിന് കുറഞ്ഞത് 7 ദിവസം മുമ്പെങ്കിലും ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തി. അതായത്, യാത്രയ്ക്ക് ഏഴ് ദിവസത്തിൽ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ, ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അത് റദ്ദാക്കിയാലും മുഴുവൻ തുകയും റീഫണ്ടായി ലഭിക്കില്ല.

യാത്രയ്ക്ക് കുറഞ്ഞത് രണ്ട് ദിവസം മുമ്പ് ടിക്കറ്റ് എടുക്കുന്നവർക്ക് പോലും 24 മണിക്കൂറിനുള്ളിൽ ബുക്കിംഗ് റദ്ദാക്കിയാൽ മുഴുവൻ പണവും തിരികെ നൽകിയിരുന്ന മുൻ നയമാണ് കമ്പനി ഇപ്പോൾ റദ്ദാക്കിയത്. പുതിയ മാറ്റം കഴിഞ്ഞ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി എയർലൈൻ അധികൃതർ അറിയിച്ചു.

യാത്രയ്ക്ക് ഏഴ് ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകണമെന്നാണ് യുഎസ് ഗതാഗത വകുപ്പിൻ്റെ നിയമം. എന്നാൽ യാത്രയോട് അടുത്ത ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം നൽകേണ്ടതില്ലെന്ന് വിമാനക്കമ്പനികൾക്ക് തീരുമാനിക്കാം. യുഎസ് വകുപ്പിൻ്റെ ഈ പഴുത് ഉപയോഗിച്ചാണ് അമേരിക്കൻ എയർലൈൻസിൻ്റെ പുതിയ നീക്കം.

ജെറ്റ്ബ്ലൂ, സൗത്ത് വെസ്റ്റ് എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവരുടെ നിലവിലെ റീഫണ്ട് നിയമങ്ങൾക്ക് സമാനമാണ് അമേരിക്കൻ എയർലൈൻസിൻ്റെ പുതിയ നയം. എന്നാൽ ഡെൽറ്റ എയർലൈൻസിൽ മാത്രമാണ് നിലവിൽ യാത്രക്കാർക്ക് ഏറ്റവും അനുകൂലമായ നിയമമുള്ളത്. ഡെൽറ്റയിൽ യാത്രയ്ക്ക് എത്ര ദിവസം മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റാണെങ്കിലും, എടുത്ത ശേഷം 24 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും.

American Airlines tightens travel policy; Now it will be difficult to get a refund if you cancel your booking

More Stories from this section

family-dental
witywide