കൊളംബിയയിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തിൽ മരണം 181 കടന്നു; ആയിരക്കണക്കിന് ആളുകളെ കാണാനില്ല

ബൊഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയെ നടുക്കി ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇതുവരെ 181 പേർ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. 1,595-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി മൂന്ന് ദിവസം മുൻപ് മാത്രം ചുമതലയേറ്റ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 7:30 ഓടെയാണ് പടിഞ്ഞാറൻ കൊളംബിയയിലെ നഗരങ്ങളെ ലക്‍ഷ്യമാക്കി ഭൂചലനമുണ്ടായത്. വൻ കെട്ടിടങ്ങൾ ജനങ്ങൾ നോക്കിനിൽക്കെ തകർന്നടിഞ്ഞു. ദുരന്തത്തിൽ 195 പേരെ കാണാതായതായാണ് സർക്കാർ കണക്കെങ്കിലും, കാണാതായവരുടെ എണ്ണം 3,900 വരെയാകാമെന്ന് പ്രാദേശിക സന്നദ്ധ സംഘടനകളുടെ ഡാറ്റാബേസുകൾ സൂചിപ്പിക്കുന്നു.

അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള പെരേര നഗരത്തിലാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. നഗരത്തിൽ പൂർണ്ണമായും വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ തകർന്നു. തുടർചലനങ്ങളെ ഭയന്ന് ലക്ഷക്കണക്കിന് ആളുകളാണ് തെരുവുകളിൽ രാത്രി കഴിച്ചുകൂട്ടുന്നത്. രാജ്യത്തുടനീളം 1,100-ലധികം വീടുകൾ പൂർണ്ണമായും തകരുകയും എണ്ണായിരത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കാലി നഗരത്തിൽ രാത്രികാല കർഫ്യൂവും അഞ്ച് നഗരങ്ങളിലെ ആശുപത്രികളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെയും പൊലീസിനെയും പൂർണ്ണമായി വിന്യസിച്ചിട്ടുണ്ട്. വലിയ യന്ത്രങ്ങൾ എത്തിക്കാൻ വൈകുന്നതിനെത്തുടർന്ന് സന്നദ്ധപ്രവർത്തകർ കൈകൾ കൊണ്ടാണ് അവശിഷ്ടങ്ങൾ നീക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരോട് വിസിലടിക്കാൻ രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടതിനെത്തുടർന്ന്, ഉള്ളിൽ നിന്ന് കേട്ട വിസിൽ ശബ്ദം പിന്തുടർന്ന് ഒരു കുഞ്ഞിനെയും പുരുഷനെയും ജീവനോടെ പുറത്തെടുത്തു. ഇവരുടെ കുടുംബത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

ദുരന്തത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അമേരിക്ക കൊളംബിയക്ക് 15.5 ദശലക്ഷം ഡോളറിൻ്റെ (ഏകദേശം 130 കോടി രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരന്തമേഖലയിലെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ യൂറോപ്യൻ യൂണിയൻ തങ്ങളുടെ ‘കോപ്പർനിക്കസ്’ ഉപഗ്രഹ സംവിധാനത്തിൻ്റെ സേവനം വിട്ടുനൽകിയിട്ടുണ്ട്. ഇസ്രായേൽ, മെക്സിക്കോ, ഫ്രാൻസ്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളും അടിയന്തര വൈദ്യസഹായവും രക്ഷാപ്രവർത്തകരെയും അയക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

Death toll in Colombia’s most powerful earthquake in history passes 181; thousands missing

More Stories from this section

family-dental
witywide