യുദ്ധം ഇറാൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നു; റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിൽ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കിയതോടെ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം ചൊവ്വാഴ്ച വീണ്ടും റെക്കോർഡ് താഴ്ചയിലെത്തി. ടെഹ്റാനിലെ വ്യാപാര വിപണിയിൽ ഒരു യുഎസ് ഡോളറിന് 25 ലക്ഷം റിയാലിലധികമാണ് നൽകേണ്ടിവന്നത്. സെപ്റ്റംബർ രണ്ടിന് ഒരു ഡോളറിന് 22 ലക്ഷം റിയാൽ എന്ന റെക്കോർഡ് രേഖപ്പെടുത്തിയതിന് 27 ദിവസത്തിനുശേഷമാണ് റിയാലിന്റെ മൂല്യം വീണ്ടും ഇടിഞ്ഞത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാനിയൻ കറൻസി തുടർച്ചയായി പുതിയ താഴ്ചകൾ രേഖപ്പെടുത്തുകയാണ്.

അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസുമായി നടക്കുന്ന പരോക്ഷ ചർച്ചകൾ കൂടുതൽ ഗൗരവമുള്ള ഘട്ടത്തിലേക്ക് കടന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്കാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് തിങ്കളാഴ്ച വൈകിട്ട് ഇറാൻ മാധ്യമങ്ങളോട് അരാഘ്ചി പറഞ്ഞു. യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തിയിരുന്ന അരാഘ്ചി പാകിസ്താൻ, ഖത്തർ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതികരിച്ചത്.

ഖത്തർ മധ്യസ്ഥർ ഉടൻ യുഎസ് പ്രതിനിധികളുമായി വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നും തുടർന്ന് യുഎസിന്റെ അന്തിമ മറുപടി ഇറാനെ അറിയിക്കുമെന്നും അരാഘ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാനും യുഎസും തമ്മിൽ ധാരണയിലെത്താനുള്ള ശ്രമങ്ങളിൽ മധ്യസ്ഥർ ഇടപെടുന്നതായി യുഎസ്, പ്രാദേശിക ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് സ്ഥിരീകരിച്ചു.

എന്നാൽ, ഇറാൻ മുന്നോട്ടുവച്ച നിർദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ തള്ളിയിരുന്നു. ഇറാന്റെ തുറമുഖങ്ങളിലെ യുഎസ് ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകുക, ഇറാന്റെ എണ്ണ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിബന്ധനകൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നായിരുന്നു ഇറാന്റെ നിർദേശം. അതിനിടെ, ഇറാനെതിരായ യുഎസ് യുദ്ധം അവസാനിപ്പിക്കാൻ സ്വന്തം സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് അമേരിക്കൻ ജനങ്ങളോട് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് ആഹ്വാനം ചെയ്തു. യുഎസിലെ നിർണായക ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ഇറാന്റെ ഈ ആഹ്വാനം.

ഇറാനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മൊഹെബ്ബി അമേരിക്കൻ ജനങ്ങളോട് അഭ്യർഥിക്കുന്ന കത്ത് വായിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം വാഷിങ്ടൺ പരാജയം അംഗീകരിച്ച് പശ്ചിമേഷ്യയിൽനിന്ന് പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെ ഒരു മറയാക്കി യുഎസ് ഇറാന്റെ സമ്പത്ത് കൊള്ളയടിക്കാനും രാജ്യത്തെ വീണ്ടും കോളനിയാക്കാനും ശ്രമിക്കുകയാണെന്നും മൊഹെബ്ബി ആരോപിച്ചു. സൈനിക, സാമ്പത്തിക സമ്മർദങ്ങളിലൂടെ ടെഹ്റാനെ കീഴടക്കാമെന്ന യുഎസിന്റെയും മറ്റുള്ളവരുടെയും കണക്കുകൂട്ടൽ പരാജയപ്പെട്ടെന്നും വാഷിങ്ടണിന് പരാജയം അംഗീകരിച്ച് മേഖലയിൽനിന്ന് പിന്മാറുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അധികകാലം യുദ്ധം താങ്ങാനാകില്ലെന്നും ടെഹ്റാൻ ഒടുവിൽ വഴങ്ങേണ്ടിവരുമെന്നും ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ സംഘർഷം ഏതാനും ആഴ്ചകൾ മാത്രമേ നീണ്ടുനിൽക്കൂവെന്ന് ട്രംപ് പറഞ്ഞിരുന്നു. അടുത്തിടെ, യുഎസിലെ നവംബർ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും യുദ്ധം അവസാനിക്കാൻ സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Iran’s currency hits new record low as Middle East war erodes Tehran’s economic stability

More Stories from this section

family-dental
witywide