കാനഡയിൽ തെരുവ് ഉത്സവത്തിനിടെ വെടിവയ്പ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ടൊറൻ്റോയിൽ നടന്ന പ്രമുഖ ലാറ്റിൻ അമേരിക്കൻ തെരുവ് ഉത്സവമായ ‘സൽസ ഓൺ സെന്റ് ക്ലെയർ’ ആഘോഷങ്ങൾക്കിടയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ടൊറൻ്റോ പൊലീസ് അറിയിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.12 ഓടെയാണ് സംഭവം. ടൊറൻ്റോയിലെ മിഡ്‌ടൗണിലുള്ള സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റ്, ആർലിംഗ്ടൺ അവന്യൂ കവലയ്ക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്. കാനഡയിലെ ഏറ്റവും വലിയ ലാറ്റിൻ തെരുവ് ഉത്സവങ്ങളിലൊന്നായ ഇവിടെ ആയിരക്കണക്കിന് ആളുകളാണ് സംഗീതവും നൃത്തവും ആസ്വദിക്കാൻ തടിച്ചുകൂടിയിരുന്നത്.

ആഘോഷങ്ങൾ നടക്കുന്നതിനിടെ പെട്ടെന്ന് ജനക്കൂട്ടത്തിന് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഞ്ച് പേരിൽ രണ്ട് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ മറ്റ് മൂന്ന് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വെടിവയ്പ്പിനെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ‘ആക്ടീവ് ഷൂട്ടർ’ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങളോട് മാറിനിൽക്കാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട കനത്ത പൊലീസ് സന്നാഹത്തിനൊടുവിലാണ് പ്രദേശം നിയന്ത്രണവിധേയമാക്കിയത്.

അക്രമണം നടത്തിയ പ്രതിയെക്കുറിച്ചോ, വെടിവയ്പ്പിന് പിന്നിലെ കാരണത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്രദേശത്തെ മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വർഷങ്ങളായി സമാധാനപരമായി നടന്നുപോരുന്ന ഉത്സവത്തിനിടയിലുണ്ടായ ഈ ദാരുണ സംഭവം ടൊറൻ്റോ നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

Shooting at street festival in Canada: Two killed, three injured

More Stories from this section

family-dental
witywide