
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു. മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ നിന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്. രാവിലെ പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ നഗരത്തിലൂടെ വട്ടംകറക്കിയ ശേഷമാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ഡൽഹി പോലീസിന്റെ വിചിത്രവും അനാവശ്യവുമായ നടപടിയെ രൂക്ഷമായി വിമർശിക്കുകയും, ഗ്യാനേഷ് കുമാർ രാജിവെക്കും വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
പോലീസിന്റെ ഈ നടപടിയെ തുടർന്ന് തനിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെടെയുള്ള നേതാക്കൾ അറിയിച്ചിരുന്നു. മൂന്നര മണിക്കൂറോളം വാഹനത്തിൽ കറക്കിയ സമയത്ത് പിണറായി വിജയന്റെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും മുടങ്ങിയെന്നും ഒപ്പമുണ്ടായിരുന്ന കെ.എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും ലൈവ് വീഡിയോയിലൂടെ ആരോപിച്ചു. പ്രായമായ ഒരു മുതിർന്ന നേതാവിനോട് പോലീസ് തികച്ചും മോശമായ രീതിയിലാണ് പെരുമാറിയതെന്നും പ്രതിഷേധം ഉയർത്തിയിട്ടും പോലീസ് തങ്ങൾ പറഞ്ഞ കാര്യങ്ങൾ അവഗണിക്കുകയായിരുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി.
നേരത്തെ കേരള ഹൗസിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ചായി പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി.ബി അംഗം വിജു കൃഷ്ണൻ, സി.ഐ.ടി.യു നേതാക്കൾ, എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും പോലീസ് തടങ്കലിലാക്കി നീക്കിയിരുന്നു. ഇത്തരം അടിച്ചമർത്തലുകൾ കൊണ്ട് സമരം തണുപ്പിക്കാമെന്ന് പോലീസ് കരുതേണ്ടതില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Delhi Police Release Former CM Pinarayi Vijayan After 8-Hour Detention; Left Leader Slams Police Action












