LPST സമരപ്പന്തൽ രാത്രി പൊളിച്ചുമാറ്റി പൊലീസ്, വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധവുമായി DYFI, സംഘർഷം, സർക്കാരിനെതിരെ പിണറായി

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന എൽപിഎസ്ടി (LPST) ഉദ്യോഗാർത്ഥികൾക്കെതിരെ രാത്രിയിൽ പോലീസിന്റെ മിന്നൽ നീക്കം. സമരം 129-ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് പോലീസെത്തി സമരപ്പന്തൽ പൂർണമായും പൊളിച്ചുനീക്കിയത്. നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ സമരപ്പന്തലിലെത്തി വളർമതിയുടെ ആരോഗ്യനില പരിശോധിച്ചതിന് പിന്നാലെയായിരുന്നു പോലീസിന്റെ ബലപ്രയോഗം.

രാത്രി 9.20 ഓടെ വൻ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. ഈ സമയം കുറച്ചു സമരക്കാർ മാത്രമാണ് പന്തലിൽ ഉണ്ടായിരുന്നത്. ‘വാക്ക് പാലിക്കാത്ത വി.ഡി. സതീശൻ, വളർമതിക്ക് ഐക്യദാർഢ്യം’ എന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് നീക്കിയ ശേഷമാണ് സമരപ്പന്തൽ പൊളിച്ചത്. സാമഗ്രികൾ പോലീസ് ലോറിയിൽ കയറ്റി കൊണ്ടുപോയി. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സ്ഥലത്തേക്ക് ജാഥ സംഘടിപ്പിക്കുകയും ഫ്ലക്സുകൾ തകർക്കുകയും ചെയ്തു.

പോലീസ് നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സമരപ്പന്തൽ പൊളിച്ചുനീക്കുകയും വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയാണോ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നതെന്നും, ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നത് കേരളത്തിൽ ആവർത്തിക്കാമെന്ന വി.ഡി. സതീശന്റെ വ്യാമോഹം നടപ്പിലാകില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആശാവർക്കർമാർ നടത്തിയ സമരത്തിൽ പന്തൽ പൊളിക്കാൻ ആരും പോയിട്ടില്ലെന്നും അന്ന് സർക്കാരിനെതിരെ പ്രസംഗിച്ചവരാണ് ഇപ്പോൾ സമരം തകർക്കാൻ പന്തൽ പൊളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതിക്രമം ഒളിച്ചോട്ടത്തിന് തുല്യമാണെന്നും സമരക്കാർക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു.

അതേസമയം പന്തൽ പൊളിച്ചുനീക്കിയാലും സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാർത്ഥികൾ പ്രഖ്യാപിച്ചു. വളർമതിക്ക് പകരം റാങ്ക് ഹോൾഡർ എം. ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുക്കുമെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി. കൊന്നാലും സമരം നിർത്തിവെക്കില്ലെന്നും ഉദ്യോഗാർത്ഥികൾ കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide