
തിരുവനന്തപുരം: എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയും വയോജന കമ്മീഷൻ അംഗവുമായ ഇ.എം. രാധ (70) അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയമകളാണ്. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് സി.കെ. ഗുപ്തനാണ് ഭർത്താവ്. മകൻ: സിദ്ധാർത്ഥ് ഗുപ്തൻ.
2017 മുതൽ അഞ്ച് വർഷം സംസ്ഥാന വനിതാ കമ്മീഷൻ അംഗമായിരുന്ന ഇ.എം. രാധ, 2025 മുതൽ വയോജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരായും, അതിനുമുമ്പ് ചിന്തയിലും പ്രവർത്തിച്ചിട്ടുണ്ട്. ‘ഇ.എം.എസ്. മകളുടെ ഓർമ്മകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവായ അവർ, തന്റെ ആത്മകഥയിൽ ഇ.എം.എസ്. ഒഴിവാക്കിയ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും കുറിച്ചുള്ള ഓർമ്മകൾ മകളുടെ കാഴ്ചപ്പാടിലൂടെ പങ്കുവെച്ചു.
ഇ.എം. രാധയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുശോചിച്ചു. വനിതാ കമ്മീഷൻ, വയോജന കമ്മീഷൻ അംഗം എന്നീ നിലകളിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അവർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുസ്മരിച്ചു. ഉറച്ച രാഷ്ട്രീയ ബോധ്യത്തോടെ പ്രവർത്തിച്ച കരുത്തുറ്റ സഖാവിനെയാണ് നഷ്ടമായതെന്നും നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
E.M. Radha, Daughter of Former Kerala CM E.M.S. Namboodiripad and Former Women’s Commission Member, Passes Away at 70














