ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും അതിശക്ത പ്രക്ഷോഭം: എൻ.എസ്.യു.ഐ മാർച്ചിന് നേരെ പൊലീസ് ബലപ്രയോഗം; തെരുവിൽ ഏറ്റുമുട്ടി വിദ്യാർത്ഥികളും പൊലീസും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നാലാം ദിനവും പ്രതിഷേധം ആളിപ്പടരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ (NSUI) നേതൃത്വത്തിൽ നടന്ന അതിശക്തമായ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ബലപ്രയോഗം നടത്തി. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ വലിയ സംഘർഷമാണ് ഉടലെടുത്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണക്കാരനായ സി.ഇ.സി ഗ്യാനേഷ് കുമാർ രാജി വെക്കും വരെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് വലിയ പ്രതിരോധം തീർത്ത വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് കൈകാര്യം ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

എൻ.എസ്.യു.ഐ പ്രതിഷേധത്തിന് പുറമെ മറ്റു പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി-പൗരവകാശ സംഘടനകളും തലസ്ഥാനത്തെ തെരുവുകളിൽ അതിശക്തമായ സമരമുഖത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യാ ഗേറ്റിലേക്ക് ആം ആദ്മി പാർട്ടി നടത്തിയ അപ്രതീക്ഷിത മാർച്ചിന് നേതൃത്വം നൽകിയ സൗരഭ് ഭരദ്വാജ് എം.എൽ.എ അടക്കമുള്ളവരെ വലിയ അധ്വാനത്തിനൊടുവിലാണ് പൊലീസ് നീക്കിയത്. കൂടാതെ ജന്തർ മന്തറിലേക്ക് ഐസ, എ.ഐ.എസ്.എഫ് എന്നീ സംഘടനകൾ നടത്തിയ മാർച്ചിൽ അശോകാ റോഡിൽ വെച്ച് പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. ഐസ നേതാവ് നേഹാ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ചില്ലുകൾ പ്രവർത്തകർ തകർക്കുകയും നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ കൊണ്ടുപോയെന്ന പരാതിയെ തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ ഇവരെ വിട്ടയക്കുകയും ചെയ്തു.

പോലീസ് അതിക്രമങ്ങൾക്കെതിരെ സിപിഎം നേതാവ് വൃന്ദ കാരാട്ട്, സൗരവ് ദാസ് തുടങ്ങിയവർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയെങ്കിലും, മർദ്ദന ദൃശ്യങ്ങൾ എ.ഐ നിർമ്മിതമാണെന്ന് ആരോപിച്ച പൊലീസ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ തയ്യാറായില്ല. ഇതിനിടെ രാത്രിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മെഴുകുതിരി പ്രതിഷേധവും പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടഞ്ഞു. നാളെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് മുന്നിൽ കണ്ട് ജന്തർ മന്തറും പരിസരവും പൊലീസ് കടുത്ത നിയന്ത്രണങ്ങളോടെ കോട്ടപോലെ അടച്ചിട്ടിരിക്കുകയാണ്. എങ്കിലും തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ വീര്യം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്.

Demanding CEC Gyanesh Kumar’s Resignation: Protests Surge in Delhi as NSUI Workers and Police Clash for the 4th Day

Also Read

More Stories from this section

family-dental
witywide