
ഡെട്രോയിറ്റ്: അമേരിക്കയിലെ ഡെട്രോയിറ്റിലുണ്ടായ ദാരുണമായ റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ യുവാവ് മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ നിർമൽ ജില്ല സ്വദേശിയായ നിത്യാനന്ദ് റെഡ്ഡി ഗന്നു (26) ആണ് മരിച്ചത്. ജൂലൈ 18-ന് നിത്യാനന്ദ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാറിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, അപകടത്തിന് പിന്നാലെ ‘സെറിബ്രൽ ഫാറ്റ് എംബോളിസം’ എന്ന അപൂർവവും ജീവന് ഭീഷണിയുമായ രോഗാവസ്ഥ നിത്യാനന്ദിന് ബാധിച്ചു. ഒടിഞ്ഞ അസ്ഥികളിൽ നിന്നുള്ള കൊഴുപ്പ് തുള്ളികൾ രക്തപ്രവാഹത്തിലൂടെ തലച്ചോറിലെത്തുകയും, അവിടെ ഒന്നിലധികം രക്തക്കട്ടകൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.
തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയ്ക്കായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഫണ്ട് ശേഖരണം നടത്തുന്നതിനിടെ, ജൂലൈ 23-ന് തൻ്റെ 26-ാം ജന്മദിനത്തിലാണ് നിത്യാനന്ദ് വിടപറഞ്ഞത്. മൂന്ന് വർഷം മുമ്പ് എമർജൻസി മെഡിക്കൽ സർവീസസ് കോഴ്സ് പഠിക്കാനായി അമേരിക്കയിലെത്തിയ അദ്ദേഹം, അടുത്തിടെ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചതായിരുന്നു.
Detroit car accident: Telangana native dies in US due to rare brain condition















