
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത. നിലവിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ നേതൃത്വത്തിനെതിരെ പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും സമരം കടുപ്പിച്ചതോടെ, പ്രതിഷേധം തണുപ്പിക്കാൻ അദ്ദേഹത്തെ മാറ്റി പകരം മുതിർന്ന ബിജെപി നേതാവും നിലവിലെ ധനമന്ത്രിയുമായ നിർമല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു.
പ്രതിപക്ഷ സമരത്തിന് മുന്നിൽ കേന്ദ്രം പൂർണ്ണമായി മുട്ടുമടക്കി എന്ന ധാരണ ഒഴിവാക്കാൻ, ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നതിന് പകരം മറ്റ് പ്രധാന വകുപ്പുകളിലേക്ക് മാറ്റാനാണ് സാധ്യത. ഭരണപരമായ പരിചയസമ്പത്തും കടുത്ത പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും പരിഗണിച്ചാണ് നിർമല സീതാരാമൻ്റെ പേര് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പരിഗണിക്കുന്നത്.
ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ സമരം ശക്തമായി തുടരുകയാണ്. എന്നാൽ ഈ വകുപ്പുമാറ്റത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര സർക്കാരോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
സിജെപി സമരം മൂലം നേരത്തേ നിശ്ചയിച്ചിരുന്ന മന്ത്രി സഭാ പുനസംഘടനയിൽ അവസാന വട്ടം തിരുത്തലുകൾ വരുത്തിയെന്നാണ് സൂചന. അതിൽ പ്രധാനം ധർമേന്ദ്ര പ്രധാന്റെ വകുപ്പുമാറ്റമാണ്. നേരത്തേ മന്ത്രിമാരായ പ്രധാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും സംഘടനയിലേക്ക് തിരികെ പോകുമെന്നും മുൻ മന്ത്രി അനുരാഗ് താക്കൂർ തിരികെ എത്തുമെന്നും സൂചകളുണ്ടായിരുന്നു.
Dharmendra Pradhan may be replaced to cool down the protests; Nirmala Sitharaman may become the new Education Minister















