
ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് മനുസ്മൃതി ജാതീയത പ്രോത്സാഹിപ്പിക്കുന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ വൻ ബഹളവും തർക്കവും. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം.
ഖാർഗെയുടെ ആരോപണത്തിനെതിരെ ഭരണപക്ഷാംഗങ്ങൾ സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതോടെ പ്രതിപക്ഷ എംപിമാർ സഭയുടെ നടുക്കളത്തിലിറങ്ങി ‘മാപ്പ് മാപ്പ്’ എന്ന് മുദ്രാവാക്യം വിളിച്ചതോടെ സഭാനടപടികൾ തടസ്സപ്പെട്ടു.
2026-ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബില്ലിനെ ഖാർഗെ കടുത്ത ഭാഷയിൽ വിമർശിച്ചു. കേവലം പിഴയും ശിക്ഷയും വർദ്ധിപ്പിച്ചത് കൊണ്ടോ, പ്രത്യേക ടാസ്ക് ഫോഴ്സുകളും ഫാസ്റ്റ് ട്രാക്ക് കോടതികളും രൂപീകരിച്ചത് കൊണ്ടോ മാത്രം ചോദ്യപേപ്പർ ചോർച്ച തടയാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരീക്ഷകൾ പൂർണ്ണമായും സുരക്ഷിതമായി നടത്തുകയും, ചോദ്യപേപ്പർ ചോരുന്നത് തുടക്കത്തിൽ തന്നെ തടയുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഖാർഗെ ആവശ്യപ്പെട്ടു. 2024-ൽ പ്രതിപക്ഷം ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ എന്തുകൊണ്ട് ശക്തമായ നിയമനടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
Manusmriti promotes casteism in education; Kharge lashes out in Rajya Sabha, ruling party protests













