ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെ തുടർന്ന് പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന 600 വിദഗ്ധരെ ഒഴിവാക്കിയാണ് പുതിയ വിദഗ്ധരെ നിയമിച്ചിരിക്കുന്നത്. ചോദ്യപേപ്പർ പരിശോധനയ്ക്കായി നാലുഘട്ട (Four Tier) സംവിധാനം നടപ്പാക്കാനും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 25ഓളം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. എൻടിഎ ഓഫീസുകൾ അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റും. സിഐഎസ്എഫ് സുരക്ഷ ശക്തമാക്കുന്നതോടൊപ്പം സുഗമമായ പരീക്ഷാ നടത്തിപ്പിനായി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വീഴ്ചകളെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിനും മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചതിനും പിന്നാലെയാണ് കേന്ദ്രത്തിന്റെ ശക്തമായ നടപടി. പരീക്ഷാ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എൻടിഎ അധികൃതരുമായി യോഗം ചേരുകയും പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ നിർദേശിക്കുകയും ചെയ്തു. പരീക്ഷാ നടപടികൾ സമഗ്ര ഓഡിറ്റിന് വിധേയമാക്കി തിരുത്തൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണം. പരീക്ഷാ നടത്തിപ്പ് സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എൻടിഎ അറിയിച്ചു.
യുജിസി നെറ്റ് പരീക്ഷയിൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് സെപ്റ്റംബർ 9, 10 തീയതികളിലായി പുനഃപരീക്ഷ നടക്കുന്നത്. സെപ്റ്റംബർ 9-ന് രാവിലെ ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം രണ്ടാം ഷിഫ്റ്റിൽ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെയാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനും ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കുന്നതിനുമാണ് കേന്ദ്ര മന്ത്രാലയം ഈ നിർണായക മാറ്റങ്ങൾ നടപ്പാക്കുന്നത്.
Centre Overhauls NTA Exam Team: Replaces 600 Experts and Introduces Four-Tier Question Paper Review System












