റഷ്യ-യുക്രെയ്ൻ ത്രികക്ഷി ചർച്ചകൾക്ക് മുന്നോടിയായി പുടിന്റെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി ട്രംപ്; ‘വലിയ കരാർ’ വരുമെന്ന് പ്രഖ്യാപനം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രിയേവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വലിയൊരു കരാർ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. യുക്രെയ്‌നെ മാത്രം ഉൾക്കൊള്ളുന്നതല്ല, യൂറോപ്പിന്റെ മുഴുവൻ ഭാഗങ്ങളെയും ഉൾപ്പെടുത്തിയേക്കാവുന്ന വലിയ കരാറാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.

അധികാരമേറ്റ ആദ്യ ദിവസം തന്നെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടും സമാധാന കരാറിലെത്താനുള്ള ട്രംപിന്റെയും സംഘത്തിന്റെയും നിരവധി ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. വ്യാഴാഴ്ച നേരത്തെ വൈറ്റ് ഹൗസിൽ റഷ്യൻ, യുക്രെയ്ൻ പ്രതിനിധികൾക്കായി പ്രഥമ വനിത മെലാനിയ ട്രംപ് പരിപാടി സംഘടിപ്പിച്ചിരുന്നു. യുക്രെയ്‌നിലെ പ്രാദേശിക വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ റഷ്യൻ സംഘത്തിന്റെ ഭാഗമായാണ് ദിമിത്രിയേവും പങ്കെടുത്തതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ട്രംപ് ഭരണകൂടം കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമാക്കിയിട്ടുണ്ട്. യുഎസ് പ്രതിനിധികളായ ജാരഡ് കുഷ്നറും സ്റ്റീവ് വിറ്റ്‌കോഫുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വ്യാഴാഴ്ച ബ്രസൽസിൽ യുക്രെയ്ൻ, നാറ്റോ, യൂറോപ്യൻ പങ്കാളികൾ എന്നിവരുമായി ക്രിയാത്മകവും വിശദവുമായ ചർച്ചകൾ നടത്തിയതായി കുഷ്നർ എക്സിൽ കുറിച്ചു. യുക്രെയ്‌നുള്ള സുരക്ഷാ ഉറപ്പുകളും യൂറോപ്പിന്റെ വിശാലമായ സുരക്ഷാ സംവിധാനവുമാണ് ചർച്ചയിൽ പ്രധാനമായും വിഷയമായതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഭാവിയിൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന, പ്രായോഗികവും പരസ്പരം അംഗീകരിക്കാവുന്നതുമായ ക്രമീകരണങ്ങളിലൂടെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷാ ആശങ്കകൾ പരിഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” കുഷ്നർ കുറിച്ചു. അടുത്തയാഴ്ച അബുദാബിയിൽ റഷ്യൻ, യുക്രെയ്ൻ പ്രതിനിധികളുമായി രണ്ട് ദിവസത്തെ ചർച്ചകൾക്ക് അമേരിക്ക നേതൃത്വം നൽകും.സമാധാന നീക്കങ്ങൾക്ക് ഏറ്റവും വലിയ തടസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയാണെന്ന് ട്രംപ് വിശേഷിപ്പിച്ചതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ചില വിട്ടുവീഴ്ചകൾക്ക് യുക്രെയ്‌നെ ട്രംപ് സമ്മർദത്തിലാക്കുന്നുണ്ടെങ്കിലും അത് അംഗീകരിക്കാനാകില്ലെന്നാണ് കിയവിന്റെ നിലപാട്. സമാധാന കരാറിലെത്തിയാൽ റഷ്യ വീണ്ടും ആക്രമണം നടത്തില്ലെന്ന് ഉറപ്പുനൽകുന്ന സുരക്ഷാ ഗ്യാരന്റികളും യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലാണ് ചർച്ചകൾ പ്രധാനമായും വഴിമുട്ടിയിരിക്കുന്നത്. സുരക്ഷാ ഉറപ്പുകളുടെ കാര്യത്തിൽ ഇരുപക്ഷത്തിനും ഇതുവരെ ധാരണയിലെത്താനായിട്ടില്ല.

Donald Trump meets Putin envoy ahead of Russia-Ukraine trilateral talks, predicts ‘big agreement’

More Stories from this section

family-dental
witywide