അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നേരിട്ടതോടെ ഇറാനെതിരായ യുദ്ധത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാൽ ഇറാനെതിരായ കടുത്ത നിലപാടിൽനിന്ന് പിന്നോട്ടുപോകാൻ ട്രംപ് തയ്യാറായിട്ടില്ല. ഇറാനിൽ സൈനിക നടപടി തുടരേണ്ടിവന്നാൽ അമേരിക്ക പൂർണ സജ്ജമാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, കൂടുതൽ ആക്രമണം നടത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കൻ സൈന്യം ഇതുവരെ നിർമിച്ചതിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.”നമ്മുടെ സൈന്യത്തിനായി ഇതുവരെ നിർമിച്ചതിൽ ഏറ്റവും കൂടുതൽ ആയുധങ്ങളാണ് ഇപ്പോൾ നിർമിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട നടപടി തുടരേണ്ടിവന്നാൽ അതിന് ഞങ്ങൾ പൂർണ സജ്ജരാണ്,” ട്രംപ് പറഞ്ഞു. ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ മുന്നോട്ടുപോയി ഇറാന്റെ ഭീഷണി പൂർണമായി അവസാനിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനാകും. രാജ്യം പുനർനിർമിക്കാൻ അവർക്ക് 25 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. സാധ്യമെങ്കിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗവും തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചിലപ്പോൾ അതും ചെയ്യേണ്ടിവന്നേക്കാം. തീരുമാനം വൈകാതെ അറിയാമെന്നും ട്രംപ് പറഞ്ഞു.
ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടിക്ക് ഇറാൻ യുദ്ധവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും കാരണമായെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വിലയിരുത്തലിനോട് ട്രംപ് ഭാഗികമായി യോജിച്ചതിന് പിന്നാലെയാണ് പുതിയ പ്രതികരണം. എന്നാൽ യുദ്ധത്തെ ന്യായീകരിച്ച അദ്ദേഹം, സമാനമായ സാഹചര്യം വീണ്ടും ഉണ്ടായാൽ ഇതേ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിലെത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശം ഖത്തർ വഴി അമേരിക്കയ്ക്ക് കൈമാറിയതായി വ്യാഴാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ വലിയ സൈനിക ആക്രമണത്തിന് വാഷിങ്ടൺ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദത്തെ തുടർന്നാണ് നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് സമാധാന ചർച്ചകൾക്ക് വേഗം കൂടിയത്. സമാധാന കരാറിലെ വ്യവസ്ഥകളിൽനിന്ന് വ്യത്യസ്തമായാണ് ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശം കൈമാറിയതെന്ന് വിഷയവുമായി ബന്ധപ്പെട്ട രണ്ട് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കരാറിലെ മറ്റ് ഏഴ് വ്യവസ്ഥകൾ അംഗീകരിക്കപ്പെടുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ആണവ നിർദേശത്തിന്റെ ഭാവി. ഇറാൻ കൈമാറിയ ആണവ നിർദേശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കവെ, അമേരിക്കയുടെ അനുമതിയില്ലാതെ ഇറാൻ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
‘Locked and loaded’: Trump threatens further Iran action but says decision yet to be made













