
ലോസ് ആഞ്ചലസ്: അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ലോസ് ആഞ്ചലസിന്റെ മേയർ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനമെത്തിയപ്പോൾ, നഗരത്തിലെ പരമ്പരാഗത രാഷ്ട്രീയ അധികാര കേന്ദ്രങ്ങളെ നിഷ്പ്രഭമാക്കി മലയാളി വംശജയായ നിത്യ രാമൻ ചരിത്ര വിജയത്തിലേക്ക്. ലോകം ഉറ്റുനോക്കിയ മേയർ തിരഞ്ഞെടുപ്പിൽ, നിലവിലെ മേയറും യുഎസ് രാഷ്ട്രീയത്തിലെ അതികായയുമായ കാരെൻ ബാസിനെ അട്ടിമറിച്ച് മലയാളി വംശജയായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ (45) ലോസ് ആഞ്ചലസിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 52 ശതമാനം വോട്ടുകൾ നേടിയാണ് നിത്യയുടെ ചരിത്ര വിജയം. ലോസ് ആഞ്ചലസിന്റെ ചരിത്രത്തിൽ മേയർ പദവിയിലെത്തുന്ന ആദ്യത്തെ ഏഷ്യൻ വംശജയും ആദ്യത്തെ ദക്ഷിണേഷ്യക്കാരിയും കൂടിയാണ് നിത്യ രാമൻ.
യുഎസ് രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം കാരെൻ ബാസിന് പിന്നിൽ അണിനിരന്നപ്പോഴാണ്, സാധാരണക്കാരായ വോട്ടർമാരെയും യുവാക്കളെയും കൂട്ടുപിടിച്ച് ഈ നാൽപ്പത്തഞ്ചുകാരി അട്ടിമറി വിജയം നേടിയത്. “ഇതൊരു രാഷ്ട്രീയ ഭൂകമ്പമാണ്,” എന്നാണ് നിത്യയെ പിന്തുണച്ച പ്രമുഖ ലേബർ യൂണിയൻ നേതാവായ കർട്ട് പീറ്റേഴ്സൺ ഈ വിജയത്തെ വിശേഷിപ്പിച്ചത്. സിറ്റി കൗൺസിൽ അംഗങ്ങളെല്ലാം കാരെൻ ബാസിനൊപ്പം നിന്നപ്പോൾ, ജനങ്ങൾ നിത്യക്കൊപ്പം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോസ് ആഞ്ചലസിൽ കേവലം മേയർ പദവിയിൽ മാത്രമല്ല പുരോഗമനവാദികൾ പിടിമുറുക്കുന്നത്. സിറ്റി അറ്റോർണിയായി ഡിഎസ്എ (DSA) അംഗമായ മരിസ്സ റോയിയും, സിറ്റി കൺട്രോളറായി കെന്നത്ത് മെഹിയയും വിജയിച്ചതോടെ നഗരത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ഭരണകേന്ദ്രങ്ങളും യുവ പുരോഗമനവാദികളുടെ കൈകളിലായി. “എസ്റ്റാബ്ലിഷ്മെന്റ് മുഴുവൻ ബാസിനെ പിന്തുണച്ചപ്പോൾ, ജനങ്ങൾ നിത്യക്കൊപ്പമായിരുന്നു,” എന്ന് കെന്നത്ത് മെഹിയ നിത്യയുടെ വിജയഘോഷയാത്രയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇന്നേവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത, മുൻ കോൺഗ്രസ് അംഗം കൂടിയായ കാരെൻ ബാസിനെയാണ് നിത്യ നിഷ്പ്രഭയാക്കിയത്. ഒരു ഘട്ടത്തിൽ 20 വർഷത്തിന് ശേഷം റീ-ഇലക്ഷനിൽ പരാജയപ്പെടുന്ന ആദ്യ മേയറായി ബാസ് മാറി. 2025-ലുണ്ടായ വൻ തീപിടുത്ത സമയത്ത് മേയർ ബാസ് വിദേശത്തായിരുന്നതും നഗര ഭരണകൂടത്തിന്റെ പരാജയവും വോട്ടർമാരെ മാറ്റി ചിന്തിപ്പിച്ചു. ഇതിനൊപ്പം ഭവനരഹിതർക്കായി പ്രത്യേക മെഡിക്കൽ ടീമുകളെ വിന്യസിക്കുമെന്ന നിത്യയുടെ പ്രഖ്യാപനവും, യുവാക്കളുടെയും വാടകക്കാരുടെയും വലിയ പിന്തുണയും നിത്യയ്ക്ക് വൻ മുന്നേറ്റം നൽകി.
നിത്യ രാമന്റെ വിജയത്തോടെ അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ന്യൂയോർക്കും ലോസ് ആഞ്ചലസും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആശയക്കാരുടെ കൈകളിലായി. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുമായിട്ടാണ് നിത്യയെ രാഷ്ട്രീയ നിരീക്ഷകർ ഉപമിക്കുന്നത്. നിത്യയുടേത് കുറച്ചുകൂടി പ്രായോഗികമായ ‘അർബനിസ്റ്റ്’ ശൈലിയാണ്. സൗജന്യ ശിശുപരിപാലനം പോലുള്ള വൻ പ്രഖ്യാപനങ്ങൾക്ക് പകരം തെരുവ് വിളക്കുകൾ നന്നാക്കുക, കെട്ടിട നിർമ്മാണ പെർമിറ്റുകൾ വേഗത്തിലാക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളിലൂന്നിയാണ് നിത്യ വോട്ട് തേടിയത്.
ഭവനരഹിതരുടെ എണ്ണം കുറയ്ക്കുക, ഹോളിവുഡിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുക, നഗരസൗന്ദര്യവൽക്കരണം തുടങ്ങിയ പുരോഗമനപരമായ വാഗ്ദാനങ്ങളാണ് നിത്യ മുന്നോട്ട് വെച്ചിട്ടുള്ളത്.
“ഇത്രയും കാലം തകർന്നതും അനീതി നിറഞ്ഞതുമായ രാഷ്ട്രീയ വ്യവസ്ഥിതിയാണ് ലോസ് ആഞ്ചലസിലുള്ളത്. വോട്ട് ചെയ്തവരുടെയും ചെയ്യാത്തവരുടെയും വിശ്വാസം വീണ്ടെടുക്കാൻ ഞാൻ എല്ലാ ദിവസവും സിറ്റി ഹാളിൽ കഠിനാധ്വാനം ചെയ്യും.”- നിത്യ പറയുന്നു. 2027-ലെ സൂപ്പർ ബൗൾ, 2028-ലെ സമ്മർ ഒളിമ്പിക്സ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ലോസ് ആഞ്ചലസിനെ ഇനി നയിക്കുക ഈ മലയാളി വനിതയായിരിക്കും.
2020-ൽ നിലവിലെ കൗൺസിൽ അംഗത്തെ പരാജയപ്പെടുത്തിക്കൊണ്ട് സിറ്റി ഹാളിന്റെ പരമ്പരാഗത രീതികളെ തകർത്താണ് നിത്യ രാമൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, അങ്ങനെ അവർ ആദ്യത്തെ ഡിഎസ്എ (DSA) അനുഭാവിയായ സിറ്റി കൗൺസിൽ അംഗമായി. ആ വിജയം ഈ ആഴ്ചയിലെ ‘ഭൂകമ്പത്തിന്റെ’ ആദ്യ പ്രകമ്പനമായിരുന്നു, യുവ വോട്ടർമാരെയും വാടകക്കാരെയും ഒരുമിച്ച് നിർത്തുന്നത് ഡെമോക്രാറ്റുകളുടെ പരമ്പരാഗത പ്രചാരണങ്ങളെ മറികടക്കാൻ സഹായിക്കുമെന്നതിന്റെ സൂചനയായിരുന്നു അത്.
തിരുവനന്തപുരത്തു നിന്ന് ലോസ് ആഞ്ചലസിലേക്ക്

1981 ജൂലൈ 28-ന് കേരളത്തിലാണ് നിത്യ രാമന്റെ ജനനം. തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽ തെരുവിലായിരുന്നു നിത്യയുടെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് താമസിച്ചിരുന്നത്. പോസ്റ്റ്മാസ്റ്ററായിരുന്ന കെ. രാമയ്യരുടെ ചെറുമകളാണ് നിത്യ. കെൽട്രോണിലെ എഞ്ചിനീയറായിരുന്ന ആർ. വെങ്കട്ടരാമനും ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കൾ.
തുടക്കത്തിൽ തിരുവനന്തപുരത്തെ രാമസ്വാമി കോവിൽ തെരുവിലും പിന്നീട് പാറ്റൂരിലുമായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. അമ്മയ്ക്ക് സ്ഥലംമാറ്റം കിട്ടിയതോടെയാണ് പാറ്റൂരിലേക്ക് മാറിയത്. പിന്നീട് അച്ഛൻ ഉപരിപഠനത്തിനായി മാറിയപ്പോൾ കുടുംബം അമ്മയുടെ ജന്മനാടായ തൃശ്ശൂരിലേക്ക് മാറുകയും, നിത്യ കുറച്ചുകാലം തൃശ്ശൂരിൽ ജീവിക്കുകയും അവിടുത്തെ ഭാരതീയ വിദ്യാഭവനിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം നേടുകയും ചെയ്തു. ആറാം വയസ്സിലാണ് നിത്യ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറിയത്. പ്രശസ്ത നടി അഭിരാമി നിത്യയുടെ അച്ഛന്റെ സഹോദരിയുടെ മകളാണ്.

അമേരിക്കയിലെത്തിയ നിത്യ പ്രശസ്തമായ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദവും (2003), മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും (2008) കരസ്ഥമാക്കി. പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അവർ, ചെന്നൈയിൽ ചേരി നിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നഗര ശുചിത്വത്തിനുമായി ‘ട്രാൻസ്പരന്റ് ചെന്നൈ’ എന്ന ഗവേഷണ-ആക്ടിവിസ്റ്റ് സംഘടനയ്ക്ക് രൂപം നൽകി.

കലാപരമായ മേഖലകളിലും താല്പര്യമുള്ള നിത്യ, ഇന്ത്യയിലുണ്ടായിരുന്ന കാലത്ത് പ്രശസ്ത നർത്തകി ലീല സാംസണിൽ നിന്ന് ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. 2013-ൽ ലോസ് ആഞ്ചലസിലേക്ക് മാറിയ നിത്യ, അവിടുത്തെ ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ‘SELAH’ എന്ന കൂട്ടായ്മ രൂപീകരിച്ച് താഴെത്തട്ടിൽ പ്രവർത്തനം നടത്തി. മീടൂ (MeToo) പ്രസ്ഥാനത്തിന്റെ ഭാഗമായ ‘ടൈംസ് അപ്പ് എന്റർടൈൻമെന്റ്’ സംഘടനയുടെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു. 2020-ൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിത്യ യുഎസ് രാഷ്ട്രീയത്തിൽ ശ്രദ്ധേയയാകുന്നത്. ടെലിവിഷൻ തിരക്കഥാകൃത്തായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. ഇരട്ടക്കുട്ടികളായ കർണൻ, കാവേരി എന്നിവർക്കൊപ്പം ലോസ് ആഞ്ചലസിലെ സിൽവർ ലേക്കിലാണ് താമസം.
Nithya Raman secures a historic victory by unseating the incumbent mayor—the first Malayali to hold the mayoral office.















