മിഷിഗൺ നിയമസഭാ സ്പീക്കറായി രഞ്ജീവ് പുരി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ

അമേരിക്കയിലെ മിഷിഗൺ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ സ്പീക്കറായി ഇന്ത്യൻ വംശജനായ രഞ്ജീവ് പുരി തിരഞ്ഞെടുക്കപ്പെട്ടു. 2027-28 നിയമസഭാ കാലയളവിൽ ചുമതലയേൽക്കുന്ന അദ്ദേഹം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. കാന്റണിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗമായ 42കാരനായ പുരിയെ വ്യാഴാഴ്ചയാണ് തിരഞ്ഞെടുത്തത്. 110 അംഗങ്ങളുള്ള സഭയിൽ 63 സീറ്റുകളുമായി ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതോടെയാണ് അധികാരത്തിലേക്കുള്ള തിരിച്ചുവരവ്. ഗവർണർ സ്ഥാനത്തും സെനറ്റിലും ഡെമോക്രാറ്റുകൾ വിജയിച്ചതോടെ സംസ്ഥാനത്ത് പാർട്ടിക്ക് സമ്പൂർണ ആധിപത്യമായി.

തിരഞ്ഞെടുപ്പിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ പ്രതികരിച്ച പുരി, സഹപ്രവർത്തകർ തന്നിൽ വിശ്വാസമർപ്പിച്ചതിൽ സന്തോഷമുണ്ടെന്നും പുതിയ സംസ്ഥാന നേതൃത്വത്തിനൊപ്പം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ പ്രവർത്തിക്കുമെന്നും പറഞ്ഞു. പഞ്ചാബിൽ വേരുകളുള്ള കുടുംബമാണ് പുരിയുടേത്. മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറുമ്പോൾ മകൻ ഒരുനാൾ മിഷിഗൺ ഹൗസിനെ നയിക്കുമെന്ന് കരുതിയിരിക്കില്ലെന്നും ഇത് അമേരിക്കയുടെ വാഗ്ദാനമാണെന്നും അദ്ദേഹം കുറിച്ചു.

2020ൽ മിഷിഗൺ സ്റ്റേറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ്-അമേരിക്കക്കാരനെന്ന നേട്ടം പുരി സ്വന്തമാക്കിയിരുന്നു. 2025ൽ സംസ്ഥാനത്തെ ഡെമോക്രാറ്റിക് അംഗങ്ങളുടെ നേതാവായും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ നാലാം തവണ നിയമസഭാ പ്രതിനിധിയാകാനൊരുങ്ങുകയാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2008, 2012 വർഷങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പുരി പ്രവർത്തിച്ചിട്ടുണ്ട്.

Ranjeev Puri makes history as first Indian-American elected Michigan House Speaker

More Stories from this section

family-dental
witywide