ലൈപ്സിഗ് വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ റഷ്യയെന്ന് ജർമ്മനി; റഷ്യൻ കോൺസുലേറ്റ് പൂട്ടാൻ ഉത്തരവ്, ഉപരോധം ശക്തമാക്കുന്നു

ബെർലിൻ: കഴിഞ്ഞ മാസം ലൈപ്സിഗ് വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് കുറ്റപ്പെടുത്തി ജർമ്മനി. സംഭവത്തെ തുടർന്ന് മോസ്കോയ്‌ക്കെതിരെ കടുത്ത നടപടികളും ജർമ്മനി പ്രഖ്യാപിച്ചു. രാജ്യം ഒരു തുറന്ന യുദ്ധത്തിലല്ലെങ്കിലും ദിനംപ്രതി ഹൈബ്രിഡ് ആക്രമണങ്ങളുടെ ഇരയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ്, രാജ്യത്തെ സുരക്ഷാ ഭീഷണി നിലവാരം ‘ഉയർന്ന’ ജാഗ്രതാ തലത്തിലേക്ക് ഉയർത്തി.

നടപടികളുടെ ഭാഗമായി ബോണിലെ റഷ്യൻ കോൺസുലേറ്റും ബെർലിനിലെ ‘റഷ്യൻ ഹൗസ്’ സാംസ്കാരിക കേന്ദ്രവും അടച്ചുപൂട്ടാൻ ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ ഉത്തരവിട്ടു. റഷ്യൻ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഉൾപ്പെടുന്ന വ്യക്തമായ മറുപടി യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ഇയു എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ വ്യക്തമാക്കി.

കിഴക്കൻ ജർമ്മനിയിലെ വിമാനത്താവളത്തിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ അടങ്ങിയ ഡ്രോൺ റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുടേതാണെന്ന് യുഎസ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഓഗസ്റ്റ് 4-ന് രാത്രി ലൈപ്സിഗ്/ഹാലെ വിമാനത്താവളത്തിലെ ദക്ഷിണ റൺവേയ്ക്ക് സമീപമുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ബോംബ് ഡിസ്പോസൽ റോബോട്ടിനെ ഉപയോഗിച്ച് ഡ്രോണിലെ ഡിറ്റണേറ്റർ നിർവീര്യമാക്കുകയായിരുന്നു. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വീര്യമേറിയ സ്ഫോടകവസ്തുക്കളാണ് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

More Stories from this section

family-dental
witywide