
കെയ്റോ: വിദേശത്തുള്ള ചില ഇറാനിയൻ നയതന്ത്ര ദൗത്യങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ച ഭൂപടങ്ങളും അവയോടൊപ്പമുള്ള കുറിപ്പുകളും വിവാദമായതിനെ തുടർന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം ഇറാനോട് ഔദ്യോഗികമായി വിശദീകരണം തേടി. രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തിന് അനുയോജ്യമല്ലാത്ത രീതിയിലാണ് ഈ ഭൂപടങ്ങളും പരാമർശങ്ങളും ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇറാഖ് ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ ഇറാഖിന്റെ പ്രതിഷേധം അറിയിക്കുന്നതിനായി ഇറാഖിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് കാസിം അൽ-ഇ സാദേഖിനെ ഇറാഖ് ബഹുരാഷ്ട്ര-നിയമ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി മന്ത്രി ഷോർഷ് ഖാലിദ് സയീദ് വിളിച്ചുവരുത്തി ചർച്ച നടത്തി. ചർച്ചയ്ക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും, അന്താരാഷ്ട്ര വേദികളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള വഴികൾ ഇരുവരും വിലയിരുത്തി.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ സഹകരണ ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായി. തർക്കത്തിലായ ജലാശയത്തെ ‘അറേബ്യൻ ഗൾഫ്’ എന്ന് വിളിക്കുന്നതിന് പകരം ‘പേർഷ്യൻ ഗൾഫ്’ എന്ന് ഇറാനിയൻ നയതന്ത്ര അക്കൗണ്ടുകളിൽ രേഖപ്പെടുത്തിയതും, ഇറാഖിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പേരുകളെക്കുറിച്ചുള്ള പരാമർശങ്ങളുമാണ് തർക്കത്തിന് പ്രധാന കാരണമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.















