
വാഷിങ്ടൺ: അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ രാജ്യവ്യാപക ക്രിമിനൽ വിവരശേഖരണ സംവിധാനത്തിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി സംശയം. പൊലീസ് ഉൾപ്പെടെയുള്ള നിയമപാലന ഏജൻസികൾ ഉപയോഗിക്കുന്ന നാഷണൽ ക്രൈം ഇൻഫർമേഷൻ സെന്റർ (എൻസിഐസി) ആണ് സൈബർ ആക്രമണത്തിന് ഇരയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഏതാനും മാസങ്ങൾക്കിടെ ഈ സംവിധാനത്തിലുണ്ടാകുന്ന രണ്ടാമത്തെ സുരക്ഷാ വീഴ്ചയാണിത്. അടുത്ത ദിവസങ്ങളിലാണ് പുതിയ സംഭവത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്.
അറസ്റ്റ് വാറന്റുകൾ, തിരച്ചിൽ നടപടികൾ, പശ്ചാത്തല പരിശോധനകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറാൻ രാജ്യത്തെ വിവിധ നിയമപാലന ഏജൻസികൾ ആശ്രയിക്കുന്ന സംവിധാനമാണ് എൻസിഐസി. ഹാക്കർമാർക്ക് ഡേറ്റാബേസിലെ രഹസ്യവിവരങ്ങൾ ചോർത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ വിവരങ്ങളിൽ കൃത്രിമം നടത്താൻ ആക്രമികൾക്ക് സാധിച്ചിട്ടുണ്ടോ എന്ന ആശങ്കയും ശക്തമാണ്. പൊലീസ് ഉദ്യോഗസ്ഥർ നിയമനടപടികൾ സ്വീകരിക്കാൻ ആശ്രയിക്കുന്ന രേഖകളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മുൻ എഫ്ബിഐ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയിലെ ബാങ്കുകൾ, ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്എ), ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) വ്യോമഗതാഗത നിയന്ത്രണ സംവിധാനം എന്നിവയും സമീപകാലത്ത് സൈബർ ആക്രമണങ്ങളും സാങ്കേതിക തടസ്സങ്ങളും നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് എഫ്ബിഐയുടെ ക്രിമിനൽ ഡേറ്റാബേസിനെ ലക്ഷ്യമിട്ടുള്ള പുതിയ സംഭവവും പുറത്തുവന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കർ സംഘം എഫ്ബിഐയുടെ തൊഴിൽ അപേക്ഷാ വെബ്സൈറ്റ് ആക്രമിച്ച് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കാനഡക്കാരനായ സൈബർ സുരക്ഷാ ഗവേഷകനും എഴുത്തുകാരനുമായ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.














