ഇഡി ആക്രമണക്കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റി, എതിര്‍ കക്ഷിയാക്കും; സന്തോഷ്‌ കുമാർ പ്രോസിക്യൂട്ടർ, നാളെ ഹാജരാകും

തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഗീനാകുമാരിയെ നീക്കി. കേസിൽ ഗീനാകുമാരിയെ എതിർകക്ഷിയാക്കാനും സർക്കാർ നീക്കമുണ്ട്. ഇ ഡിയെ ആക്രമിച്ച കേസിലെ 9 -ാം പ്രതി ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്ന് ഗീനാകുമാരി കോടതിയിൽ വാദിച്ചത് വലിയ വിവാദമായിരുന്നു. ഇത് കാരണം പ്രതിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യവും ഉണ്ടായി. ഗീനക്ക് പകരം എ സന്തോഷ്‌ കുമാറിനെ ഇ ഡിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് അഡിഷണൽ ഗവ. പ്ലീഡർ എ ആർ ഷാജിക്ക് പകരം ചുമതല നൽകി. നിയമനം നടക്കുന്നതുവരെ താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. നാളെ കേസിൽ സെഷൻസ് കോടതിയിൽ ഹാജരാകുക സന്തോഷ് കുമാറാകും. 2011-15 കാലയളവിൽ ജില്ലാ ഗവ പ്ലീഡർ ആയിരുന്നു ഇദ്ദേഹം. കല്ലുവാതുക്കൽ വിഷ മദ്യ ദുരന്തം, ചെറിയതുറ വെടി വെയ്പ് തുടങ്ങിയ കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സന്തോഷ്‌ കുമാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാളെ സെഷൻസ് കോടതിയിൽ ഗീനാകുമാരിക്ക് പകരം പ്രോസിക്യൂഷന് വേണ്ടി ഇദ്ദേഹം ഹാജരാകും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നതാണ് കേസ്.

ഗീനാകുമാരിയെ എതിർകക്ഷിയാക്കാൻ സർക്കാർ

അതേസമയം ഇ ഡിയെ ആക്രമിച്ച കേസിലെ 9 -ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിൽ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഗീനാകുമാരിയെ എതിർകക്ഷിയാക്കിയാകും സർക്കാർ അപ്പീൽ നൽകുക. 9 -ാം പ്രതി ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യത്തിനെതിരെയുള്ള പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് ഇങ്ങനെ വാദിച്ചത്. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാർ കോടതിയിലെത്തുന്നത് അപൂര്‍വമാണ്. പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന പ്രോസിക്യൂട്ടർ, സെഷൻസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

ED Attack Case Govt Replaces Prosecutor Geena Kumari with Santosh Kumar to Make Her Opposite Party

Also Read

More Stories from this section

family-dental
witywide