എൽ നിനോ പ്രതിഭാസം: കൊടുംചൂട് ജീവനെടുക്കും, 4.51 ലക്ഷം അധിക മരണങ്ങൾക്ക് സാധ്യത

ന്യൂയോർക്ക്: ശക്തമായ എൽ നിനോ പ്രതിഭാസത്തെ തുടർന്ന് സാധാരണ വർഷത്തേക്കാൾ 4.51 ലക്ഷം അധിക മരണങ്ങൾ ലോകത്ത് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. എൽ നിനോയുടെ ആദ്യ ഒൻപത് മാസത്തെ കണക്കാണിത്. ഷിക്കാഗോ സർവകലാശാലയുടെ ക്ലൈമറ്റ് ഇംപാക്ട് ലാബാണ് പഠനം പുറത്തുവിട്ടത്. ചൂട് കൂടുന്നതിനൊപ്പം മഴയുടെ രീതിയിലുണ്ടാകുന്ന മാറ്റവും വരൾച്ച, കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുടെ തീവ്രത വർധിപ്പിച്ചേക്കാം. നിലവിലെ എൽ നിനോ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമായതാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിലായിരിക്കും ചൂടിന്റെ ആഘാതം ഏറ്റവും രൂക്ഷമാകുക. നൈജീരിയ, സുഡാൻ, നൈജർ, ചാഡ് എന്നീ രാജ്യങ്ങളിൽ മാത്രം ചൂട് മൂലമുള്ള മരണങ്ങൾ 65,000 കടന്നേക്കും. ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്‌ലൻഡ്, കംബോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 40,000ത്തോളം മരണങ്ങളും പ്രതീക്ഷിക്കുന്നു. ബ്രസീലിലും ഇന്ത്യയിലും മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ട് പറയുന്നു.

മരണങ്ങളുടെ ആഗോള കണക്ക് വളരെ വലുതാണെങ്കിലും, അതിന് പിന്നിൽ കുടുംബങ്ങളും സാധാരണ ജീവിതം നയിക്കുന്ന മനുഷ്യരുമാണെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ സഹസ്ഥാപകൻ മൈക്കൽ ഗ്രീൻസ്റ്റോൺ പറഞ്ഞു. വരും മാസങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട മേഖലകൾ തിരിച്ചറിയാനും ഇതിലൂടെ പതിനായിരക്കണക്കിന് ജീവൻ രക്ഷിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിൽ സാധാരണയേക്കാൾ ഉയർന്ന സമുദ്ര താപനില അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയെ ഇത് വ്യത്യസ്ത രീതിയിൽ ബാധിക്കും. ചില മേഖലകളിൽ കടുത്ത ചൂടിനും വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും എൽ നിനോ കാരണമാകാം. നിലവിലെ എൽ നിനോയുടെ തീവ്രതയെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പ്രതിഭാസം 2026ന്റെ അവസാനത്തോടെയാണ് പരമാവധി ശക്തിയിലെത്തുകയെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ.

വടക്കൻ അർധഗോളത്തിലെ ശൈത്യകാലം മുഴുവൻ എൽ നിനോ തുടരാനും വസന്തകാലത്തേക്ക് നീളാനും സാധ്യതയുണ്ടെന്നാണ് യുഎസ് ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററിന്റെ പ്രവചനം. കടുത്ത ചൂടിനെ നേരിടാൻ ചൂട് മുന്നറിയിപ്പുകൾ നൽകുക, അപകടസാധ്യതയുള്ള വിഭാഗങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുക, കൂളിങ് സെന്ററുകളും കുടിവെള്ള കേന്ദ്രങ്ങളും ഒരുക്കുക, തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുക, ആരോഗ്യ സംവിധാനങ്ങളുടെ ശേഷി വർധിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

El Niño could cause 451,000 more heat-related deaths compared to normal year, group says. Map shows areas at risk.

More Stories from this section

family-dental
witywide