എൽനിനോ ഭീഷണി; യുഎസിലെ 16 സംസ്ഥാനങ്ങളിൽ ശൈത്യകാലത്ത് പ്രളയസാധ്യതയെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിൽ 2027ന്റെ തുടക്കം വരെ ശക്തമായ എൽനിനോ പ്രതിഭാസം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇതിന്റെ ഭാഗമായി യുഎസിലെ 16 സംസ്ഥാനങ്ങളിൽ ഈ ശൈത്യകാലത്ത് പ്രളയസാധ്യത വർധിക്കുമെന്ന് മുന്നറിയിപ്പ്. ചില മേഖലകളിൽ കനത്ത മഴയും മറ്റിടങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും അനുഭവപ്പെടും. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) പ്രവചനമനുസരിച്ച് 2027 ജനുവരി മുതൽ മാർച്ച് വരെയും എൽനിനോ തുടരാൻ 79 ശതമാനം സാധ്യതയുണ്ട്. 1950കൾക്കുശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ എൽനിനോ പ്രതിഭാസങ്ങളിലൊന്നാണിതെന്നും അധികൃതർ വിലയിരുത്തുന്നു.

അമേരിക്കയുടെ വടക്കൻ മേഖലകളിൽ സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമ്പോൾ തെക്കൻ മേഖലകളിലും കിഴക്കൻ തീരപ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഫ്ലോറിഡ, ജോർജിയ, കരോലിന സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന തെക്കുകിഴക്കൻ മേഖലയിൽ അടുത്ത മൂന്ന് മാസത്തിനിടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. കാലിഫോർണിയയിലും അസാധാരണമായ മഴ ലഭിച്ചേക്കും. ഇത് പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന ആശങ്കയുണ്ട്. കാലാവസ്ഥാ ദുരന്തസാധ്യത കണക്കിലെടുത്ത് ഗവർണർ ഗാവിൻ ന്യൂസം സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പസഫിക് നോർത്ത്‌വെസ്റ്റ്, വടക്കൻ പ്ലെയിൻസ്, ഒഹായോ വാലി മേഖലകളിൽ താരതമ്യേന ചൂടേറിയ ശൈത്യകാലമായിരിക്കും അനുഭവപ്പെടുക. ഇവിടെ മഴയും മഞ്ഞുവീഴ്ചയും കുറയുന്നത് വരൾച്ചയ്ക്കും ജലനിരപ്പ് താഴുന്നതിനും കാരണമായേക്കാം. വസന്തകാലത്തും വേനൽക്കാലത്തും കാട്ടുതീ ഭീഷണിയും വർധിച്ചേക്കും. സ്കീയിങ് കേന്ദ്രങ്ങളിൽ പതിവിലും കുറഞ്ഞ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. അമേരിക്കയുടെ വടക്കൻ മേഖലകളിലും കാനഡയിലും ഉയർന്ന താപനിലയും കുറഞ്ഞ മഞ്ഞുവീഴ്ചയുമായിരിക്കും അനുഭവപ്പെടുകയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

എന്നാൽ തെക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കാനും കാലിഫോർണിയയിലെയും തെക്കൻ റോക്കി പർവതനിരകളിലെയും ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. വാഷിങ്ടൺ ഡിസിയിലും കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമായേക്കും. കിഴക്കൻ കാനഡയുടെയും വടക്കുകിഴക്കൻ യുഎസിന്റെയും ചില ഭാഗങ്ങളിൽ ക്രിസ്മസ് കാലത്ത് പതിവിലും ചൂടും മഴയും അനുഭവപ്പെട്ടേക്കും. സാധാരണ ലഭിക്കുന്ന മഞ്ഞുവീഴ്ചയ്ക്ക് പകരം മഴ പെയ്യാനാണ് സാധ്യത. എന്നാൽ താപനില താഴുന്നതോടെ മഴവെള്ളം തണുത്തുറഞ്ഞ് റോഡുകളിൽ മഞ്ഞുപാളികൾ രൂപപ്പെടുന്നത് യാത്രാദുരിതത്തിനും അപകടങ്ങൾക്കും ഇടയാക്കും.

ഇതിനിടെ, പോളാർ വോർട്ടക്സ് പ്രതിഭാസത്തിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉത്തരധ്രുവത്തിന് ചുറ്റും ശക്തമായ കാറ്റ് വൃത്താകൃതിയിൽ ചുറ്റുന്ന കാലാവസ്ഥാ സംവിധാനമാണ് പോളാർ വോർട്ടക്സ്. ഇത് ദുർബലമാകുകയോ താളംതെറ്റുകയോ ചെയ്താൽ ആർട്ടിക് മേഖലയിലെ അതിശൈത്യമുള്ള വായു തെക്കോട്ട് നീങ്ങുകയും കാനഡയിലും യുഎസിലും കടുത്ത തണുപ്പിന് കാരണമാവുകയും ചെയ്യും.

El Niño threat; report indicates risk of winter flooding in 16 US states

More Stories from this section

family-dental
witywide