ഗതാഗതക്കുരുക്കിന് വിട; ന്യൂയോർക്കിൽ വിപ്ലവം കുറിക്കാൻ ഇലക്ട്രിക് എയർ ടാക്സി, മാൻഹാട്ടൻ വിമാനത്താവള യാത്ര ഇനി പത്ത് മിനിറ്റിൽ

ന്യൂയോർക്ക് : അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മാൻഹാട്ടനിൽ നിന്ന് ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് എയർ ടാക്സികൾ പരീക്ഷണ പറക്കൽ നടത്തി. പ്രമുഖ വ്യോമയാന കമ്പനിയായ ജോബി ഏവിയേഷൻ്റെ നേതൃത്വത്തിലാണ് പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനങ്ങൾ വിജയകരമായി പരീക്ഷിച്ചത്. വിമാനത്താവളങ്ങളിലേക്കുള്ള യാത്രകൾ വേഗത്തിലാക്കാൻ ഇത്തരം ആധുനിക വിമാനങ്ങൾ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ഭാവിയിൽ സജീവമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കാണാൻ വലിയ ഡ്രോണുകളെപ്പോലെ തോന്നിക്കുന്ന ഈ അത്യാധുനിക വിമാനങ്ങൾക്ക് പൈലറ്റ് ഉൾപ്പെടെ അഞ്ച് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററുകളെപ്പോലെ ലംബമായി ഉയരാൻ സാധിക്കുന്ന ഇവ, ആകാശത്തെത്തിയാൽ പ്രൊപ്പല്ലറുകൾ ക്രമീകരിച്ച് സാധാരണ വിമാനങ്ങളെപ്പോലെ മുന്നോട്ട് പറക്കും. ഇവയ്ക്ക് ശബ്ദമലിനീകരണം വളരെ കുറവാണെന്നും പരിസ്ഥിതിക്ക് ദോഷകരമായ പുക പുറത്തുവിടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

റോഡ് മാർഗ്ഗം രണ്ട് മണിക്കൂർ വരെ എടുക്കുന്ന യാത്ര വെറും പത്ത് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ ഈ സേവനം സഹായിക്കും. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ (FAA) പ്രത്യേക അംഗീകാരത്തോടെയാണ് ഈ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. ഡെൽറ്റ എയർലൈൻസ്, യൂബർ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ജോബി ഏവിയേഷൻ പ്രവർത്തിക്കുന്നത്. നിലവിൽ സർട്ടിഫിക്കേഷൻ നടപടികളുടെ അവസാന ഘട്ടത്തിലാണ് ഈ പദ്ധതി. യാത്രാ സേവനങ്ങൾക്കൊപ്പം ചരക്ക് നീക്കം, അടിയന്തര വൈദ്യസഹായം എന്നിവയ്ക്കും ഭാവിയിൽ ഈ ഇലക്ട്രിക് എയർ ടാക്സികൾ പ്രയോജനപ്പെടുത്താൻ അമേരിക്കൻ ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.

Electric air taxis have conducted a test flight from Manhattan to John F. Kennedy International Airport

More Stories from this section

family-dental
witywide