
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലോകം ഉറ്റുനോക്കിയ പ്രമുഖ സാങ്കേതിക യുദ്ധത്തിൽ ഇലോൺ മസ്കിന് കനത്ത തിരിച്ചടി. ചാറ്റ്‌ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ കമ്പനിക്കും അതിൻ്റെ സിഇഓ സാം ആൾട്ട്മാനുമെതിരെ മസ്ക് നൽകിയ വൻ പ്രാധാന്യമുള്ള കേസ് കാലിഫോർണിയയിലെ ഫെഡറൽ കോടതി ജൂറി തള്ളിക്കളഞ്ഞു. കേസ് ഫയൽ ചെയ്യാൻ മസ്ക് വളരെ വൈകിപ്പോയി എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ചാണ് ഒമ്പതംഗ ജൂറി ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്.
മൂന്ന് ആഴ്ച നീണ്ട വിചാരണകൾക്കൊടുവിൽ വെറും രണ്ട് മണിക്കൂർ മാത്രമാണ് ജൂറി വിധി പ്രസ്താവിക്കാനായി ചർച്ച നടത്തിയത്. വിധി വന്നതിന് തൊട്ടുപിന്നാലെ, ഇതൊരു “കലണ്ടർ സാങ്കേതികത” മാത്രമാണെന്നും ഇതിനെതിരെ ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നും മസ്ക് വ്യക്തമാക്കി.
2015-ൽ ഓപ്പൺഎഐയുടെ തുടക്കത്തിൽ മനുഷ്യരാശിയുടെ നന്മയ്ക്കായുള്ള ഒരു ലാഭേച്ഛയില്ലാത്ത (Non-profit) സ്ഥാപനമായി വളർത്താനാണ് താൻ 38 മില്യൺ ഡോളർ നിക്ഷേപിച്ചതെന്ന് മസ്ക് വാദിച്ചു. എന്നാൽ സാം ആൾട്ട്മാനും സംഘവും തന്നെ വഞ്ചിച്ചതായും, മൈക്രോസോഫ്റ്റുമായി ചേർന്ന് കമ്പനിയെ കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കുന്ന ഒരു വാണിജ്യ സ്ഥാപനമാക്കി മാറ്റി “ചാരിറ്റി കൊള്ളയടിച്ചതായും” മസ്ക് കോടതിയിൽ ആരോപിച്ചിരുന്നു. എന്നാൽ മസ്കിൻ്റെ ആരോപണങ്ങൾ ഓപ്പൺഎഐ പൂർണ്ണമായും നിഷേധിച്ചു. ഓപ്പൺഎഐ ലാഭേച്ഛയുള്ള ബിസിനസ്സായി മാറുന്നതിനെ മസ്ക് പിന്തുണച്ചിരുന്നു എന്ന് മാത്രമല്ല, കമ്പനിയുടെ പൂർണ്ണ നിയന്ത്രണം തൻ്റെ കൈകളിൽ വേണമെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നതായും സാം ആൾട്ട്മാൻ കോടതിയിൽ വെളിപ്പെടുത്തി. നിയന്ത്രണം ലഭിച്ചാൽ മസ്കിന്റെ മരണശേഷം കമ്പനി മക്കൾക്ക് കൈമാറാൻ പോലും അദ്ദേഹം പദ്ധതിയിട്ടിരുന്നതായി ആൾട്ട്മാൻ സാക്ഷ്യപ്പെടുത്തി. 2018-ൽ നിയന്ത്രണം ലഭിക്കാതെ വന്നപ്പോഴാണ് മസ്ക് കമ്പനി വിട്ടതെന്നും, ഇപ്പോൾ സ്വന്തമായി ‘xAI’ എന്ന മത്സര കമ്പനി തുടങ്ങിയ ശേഷം എതിരാളിയെ തകർക്കാനുള്ള വ്യാജ ശ്രമമാണ് ഈ കേസ് എന്നും ഓപ്പൺഎഐയുടെ അഭിഭാഷകർ വാദിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് ലംഘനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ നിയമപരമായി 3 വർഷത്തെ സമയപരിധിയാണുള്ളത്. ഓപ്പൺഎഐയുടെ ഘടന മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ 2017-ൽ തന്നെ നടന്നിട്ടും മസ്ക് 2024-ൽ മാത്രമാണ് കോടതിയെ സമീപിച്ചത്. സമയപരിധി കഴിഞ്ഞതിനാൽ കേസിലെ മറ്റ് വാദങ്ങളുടെ ഗുണദോഷങ്ങളിലേക്ക് കടക്കാൻ ജൂറി തയ്യാറായില്ല. മസ്കിൻ്റെ വാദങ്ങൾ കള്ളമാണെന്ന് ജൂറി തിരിച്ചറിഞ്ഞതായി ഓപ്പൺഎഐയുടെ അഭിഭാഷകൻ വില്യം സാവിറ്റ് പ്രതികരിച്ചു.
Elon Musk loses major legal battle with OpenAI















