
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആത്മബന്ധമാണ് ഇന്ത്യ-അമേരിക്കൻ നയതന്ത്ര ബന്ധത്തെ മുൻപെങ്ങുമില്ലാത്തവിധം ശക്തമാക്കിയതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അമേരിക്കൻ ജനതയ്ക്കുവേണ്ടി ഭാരതത്തിലെ മുഴുവൻ ജനങ്ങൾക്കും ഊഷ്മളമായ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായും റൂബിയോ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ബഹിരാകാശം, ഊർജ്ജ സുരക്ഷ, നിർണായക ധാതുക്കൾ, വാണിജ്യം എന്നീ മേഖലകളിലെ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. മോദി-ട്രംപ് കൂട്ടുകെട്ടിലൂടെ യു.എസ്-ഇന്ത്യ ബന്ധം പുതിയ ഉയരങ്ങളിലേക്ക് വളരുകയാണെന്നും റൂബിയോ കൂട്ടിച്ചേർത്തു.
ഈ ഉഭയകക്ഷി പങ്കാളിത്തം ഇരു രാജ്യങ്ങൾക്ക് പുറമെ ഇൻഡോ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലയെ ഒന്നാകെ കൂടുതൽ സുരക്ഷിതവും സമൃദ്ധവുമാക്കുന്നുണ്ടെന്ന് റൂബിയോ വിലയിരുത്തി. ഭാവിയിൽ ഇന്ത്യയുമായി ചേർന്നുള്ള കൂടുതൽ സംയുക്ത പദ്ധതികൾക്കായാണ് അമേരിക്ക കാത്തിരിക്കുന്നതെന്നും സ്റ്റേറ്റ് സെക്രട്ടറി തന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
Modi-Trump Friendship Strengthens US-India Ties: Marco Rubio Extends Independence Day Greetings












