
സോൾ: ദക്ഷിണ കൊറിയയിലെ സൈനിക നീക്കങ്ങളും രാജ്യത്ത് ക്യാമ്പ് ചെയ്യുന്ന യുഎസ് സൈന്യത്തിന്റെ വിവരങ്ങളും ചോർത്താൻ ശ്രമിച്ച രണ്ട് മുൻ ചൈനീസ് സൈനികർ വെവ്വേറെ കേസുകളിൽ അറസ്റ്റിലായതായി ദക്ഷിണ കൊറിയൻ പോലീസ് അറിയിച്ചു.
യുഎസ് യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന എയർബേസിന് സമീപത്ത് നിന്ന് വിമാനങ്ങളുടെ ആശയവിനിമയ വിവരങ്ങൾ ചോർത്തിയതാണ് ഒരു കേസ്. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനിക അഭ്യാസങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ചോർത്തിയതാണ് രണ്ടാമത്തെ കേസ്.
അമേരിക്കയുടെ പ്രധാന ഏഷ്യൻ സഖ്യകക്ഷിയായ ദക്ഷിണ കൊറിയയിലാണ് യു.എസിന്റെ ഏറ്റവും വലിയ വിദേശ സൈനിക താവളം സ്ഥിതി ചെയ്യുന്നത്.
അറസ്റ്റിലായ ഇരുവർക്കുമെതിരെ ശത്രുരാജ്യത്തെ സഹായിച്ച കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം വിഷയം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അറിയിച്ചത്.
സൈനിക അഭ്യാസ വിവരങ്ങൾ ചോർത്തി
2022-ൽ, നാല്പതുകളിലുള്ള കൊറിയൻ-ചൈനീസ് വംശജനായ വ്യക്തി, സൂളിന് തെക്കുള്ള പ്യോങ്‌ടേക്ക് സ്ഥിതി ചെയ്യുന്ന ‘ക്യാമ്പ് ഹംഫ്രീസ്’ എന്ന യു.എസ് സൈനിക താവളത്തിൽ ജോലി ചെയ്തിരുന്ന ഒരു ദക്ഷിണ കൊറിയൻ വനിതയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.
യുഎസ് ഫോഴ്‌സ് കൊറിയ ഉൾപ്പെടെയുള്ള പ്രധാന കമാൻഡുകൾ പ്രവർത്തിക്കുന്ന ഈ കേന്ദ്രം, കൊറിയൻ ഉപദ്വീപിലെ യുഎസ് സൈനിക നീക്കങ്ങളുടെ പ്രധാന ആസ്ഥാനമാണ്. വിവരങ്ങൾ നൽകിയതിന് പ്രതി ഈ സ്ത്രീക്ക് പണം നൽകിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന ‘ഉൽചി ഫ്രീഡം ഷീൽഡ്’ കൂട്ടായ സൈനിക അഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങളും യു.എസ് സൈന്യത്തിലെ കമാൻഡ് മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമാണ് ഇയാൾ ശേഖരിച്ചതെന്ന് ജിയോങ്ഗി നാംബു പോലീസ് നാഷണൽ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.
യു.എസ്-ദക്ഷിണ കൊറിയൻ സേനകളുടെ പ്രതിരോധ സജ്ജത ഉറപ്പാക്കാനായി വർഷം തോറും നടത്തുന്ന സൈനിക അഭ്യാസമാണ് ഉൽചി ഫ്രീഡം ഷീൽഡ്. ഈ വർഷത്തെ അഭ്യാസം വരും ആഴ്ചകളിൽ ആരംഭിക്കാനിരിക്കെയാണ് ഈ നിർണ്ണായക അറസ്റ്റ്. വിവരങ്ങൾ യു.എസ് സൈന്യത്തെ അറിയിച്ചിട്ടുണ്ട്.
2021 മുതൽ ക്യാമ്പ് ഹംഫ്രീസിന് സമീപം സൈനിക സാമഗ്രികൾ വിൽക്കുന്ന കട നടത്തിവരികയായിരുന്ന ഇയാൾ മുൻ ചൈനീസ് സൈനികനാണ്. എന്നാൽ സ്വന്തം ബിസിനസ്സ് ആവശ്യങ്ങൾക്കായാണ് താൻ വിവരങ്ങൾ ശേഖരിച്ചതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.














