ഒക്ടോബർ 7 മുന്നറിയിപ്പ് മുക്കിയെന്ന ആരോപണം; പിന്നാലെ നെതന്യാഹുവിൻ്റെ അപ്രതീക്ഷിത യു.എ.ഇ യാത്ര, സുരക്ഷാ വീഴ്ച മറയ്ക്കാനുള്ള നാടകമെന്ന് പ്രതിപക്ഷം

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതീവ രഹസ്യമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) സന്ദർശിച്ചതായി ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഞായറാഴ്ചയായിരുന്നു മുൻകൂട്ടി പ്രഖ്യാപിക്കാത്ത ഈ ഏകദിന സന്ദർശനം. സന്ദർശനത്തിനിടെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

എഎഫ്‌പി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ഇസ്രായേൽ ടെലിവിഷൻ ചാനലുകളായ 12, കാൻ എന്നിവയും ഹാരെറ്റ്സ്, ദ ജെറുസലേം പോസ്റ്റ് എന്നീ പ്രമുഖ പത്രങ്ങളുമാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ഇസ്രായേൽ-യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിൽ കടുത്ത യുദ്ധപ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.

2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ വൻ ആക്രമണത്തെക്കുറിച്ച് യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് നെതന്യാഹുവിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ആക്രമണം നടക്കുന്നതിന് ഏകദേശം ഒന്നര ആഴ്ച മുമ്പ് ഇരുവരും തമ്മിൽ സംസാരിച്ചിരുന്നതായും, ഹമാസ് വലിയൊരു നീക്കത്തിന് പദ്ധതിയിടുന്നുണ്ടെന്ന് യു.എ.ഇ പ്രസിഡന്റ് അറിയിച്ചിരുന്നതായും ഹാരെറ്റ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് പത്ത് ദിവസം മുമ്പ് നടന്ന 45 മിനിറ്റ് നീണ്ട സംഭാഷണത്തിൽ, അന്നത്തെ ഹമാസ് തലവൻ യഹിയ സിൻവർ ഇസ്രായേലിനെതിരെ വലിയൊരു ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നതായി നെതന്യാഹുവിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

എന്നാൽ ഈ അതീവ ഗുരുതരമായ വിവരം ഇസ്രായേലിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്നാണ് മാധ്യമങ്ങൾ ആരോപിക്കുന്നത്. അതേസമയം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ “പൂർണ്ണമായും അസത്യമാണ്” എന്ന് പറഞ്ഞ് നെതന്യാഹുവിന്റെ ഓഫീസ് തള്ളി. ആരോപിക്കപ്പെടുന്ന കാലയളവിൽ പ്രധാനമന്ത്രി യു.എ.ഇ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ലെന്നും യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി. എന്നാൽ ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായി ഉയർന്നുവന്ന മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.

രാജ്യത്തുണ്ടായ വലിയ സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് നെതന്യാഹുവിന് ഡസൻ കണക്കിന് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു, എന്നാൽ അദ്ദേഹം അവയെല്ലാം അവഗണിക്കുകയാണ് ചെയ്തത്,” ഐസൻകോട്ട് എക്സിൽ കുറിച്ചു. പ്രധാനമന്ത്രി പദവിയിലിരിക്കാൻ നെതന്യാഹു തികച്ചും “അയോഗ്യനാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. യു. എസിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ചരിത്രപരമായ അബ്രഹാം ഉടമ്പടി പ്രകാരമാണ് 2020ൽ ഇസ്രായേലും യു.എ.ഇയും ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.

ഡോണൾഡ് ട്രംപ് തന്റെ ആദ്യത്തെ യുഎസ് പ്രസിഡന്റ് കാലാവധിയിലാണ് ഈ കരാറിന് മുൻകൈ എടുത്തത്. 2020-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സും ബഹ്‌റൈനും ഈ കരാറിൽ ഒപ്പുവെച്ചതോടെ, ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന 25 വർഷത്തിനിടയിലെ ആദ്യത്തെ അറബ് രാജ്യങ്ങളായി ഇവർ മാറി. പശ്ചിമേഷ്യയിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന പ്രാദേശിക വിലക്കുകളാണ് അബ്രഹാം ഉടമ്പടിയിലൂടെ ഇല്ലാതായത്.

Netanyahu’s UAE ‘twist’ amidst the controversy; a highly secret meeting during the war.

More Stories from this section

family-dental
witywide