
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനികർ സഞ്ചരിച്ച കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ എട്ട് യുഎസ് മരീനുകൾക്ക് പരിക്കേറ്റതായി പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമമായ എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 14-നാണ് സംഭവം നടന്നതെങ്കിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ഈ വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവിട്ടത്.
ഒരു ബറ്റാലിയൻ ലാൻഡിംഗ് ടീമിന്റെ ഭാഗമായ ഒരു ഓഫീസറും ഏഴ് എൻലിസ്റ്റഡ് മരീനുകളുമാണ് ആക്രമണത്തിന് ഇരയായത്. ഇറാന്റെ കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലാണ് ഇവർ സഞ്ചരിച്ചിരുന്ന കപ്പലിൽ പതിച്ചത്. ആക്രമണത്തെത്തുടർന്നുണ്ടായ കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് സൈനികർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കൂടാതെ, തലവേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ തലച്ചോറിന് ചെറിയ തോതിലുള്ള ആഘാതങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും പ്രഥമശുശ്രൂഷകൾക്ക് ശേഷം എല്ലാവരും ഡ്യൂട്ടിയിൽ തിരിച്ചുകയറിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, സൈനികർ സഞ്ചരിച്ചിരുന്നത് യുഎസ് നാവികസേനയുടെ കപ്പലിലല്ലായിരുന്നു എന്ന് വ്യക്തമാക്കിയ അധികൃതർ, സുരക്ഷാ കാരണങ്ങളാൽ ഇത് ഏത് തരത്തിലുള്ള കപ്പലാണെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ യുഎസ് സെൻട്രൽ കമാൻഡും വിസമ്മതിച്ചു. പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് യുഎസ്-ഇറാൻ സംഘർഷങ്ങളുടെ പ്രധാന കേന്ദ്രമായി തുടരുകയാണ്.
പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇറാനുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ യുഎസ് സൈനികരുടെ എണ്ണം വർദ്ധിച്ചു. പെന്റഗണിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ബുധനാഴ്ച വരെ 861 യുഎസ് സൈനികർക്ക് ഈ മേഖലയിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് പരിക്കേറ്റ എട്ട് മറീനുകളുടെ പേര് ഈ പട്ടികയിലേക്ക് ചേർത്തത്. മേഖലയിൽ യുഎസ് സൈന്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നാണ് ഈ സംഭവം കാണിക്കുന്നത്.
Iran launches missile attack on US ship in the Strait of Hormuz; eight soldiers injured.














