ട്രംപിന്റെ പ്രസംഗ വിവരങ്ങൾ ഉപയോഗിച്ച് ഇൻസൈഡർ ട്രേഡിങ്; മുൻ വൈറ്റ് ഹൗസ് ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർ 60 ലക്ഷം രൂപ പിഴ

വാഷിങ്ടൺ: പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രസംഗങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളും വാചകങ്ങളും മുൻകൂട്ടി അറിഞ്ഞ് പ്രവചന വിപണിയായ കൽഷിയിൽ (Kalshi) പന്തയം നടത്തിയെന്ന കേസിൽ മുൻ വൈറ്റ് ഹൗസ് ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർ ഗബ്രിയേൽ പെരസിന് ശിക്ഷ. അനധികൃതമായി നേടിയ 1.07 ലക്ഷം ഡോളർ (ഏകദേശം 1 കോടി രൂപ) ലാഭം തിരിച്ചുനൽകുന്നതിനൊപ്പം 65,000 ഡോളർ (ഏകദേശം 60 ലക്ഷം രൂപ) പിഴയും അടയ്ക്കണം.

ഫെഡറൽ അധികൃതരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായി പെരസിന് മൂന്ന് വർഷത്തേക്ക് ട്രേഡിങ് വിലക്കും ഏർപ്പെടുത്തി. കോമോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിങ് കമ്മിഷൻ (CFTC) വെള്ളിയാഴ്ചയാണ് ഒത്തുതീർപ്പ് പ്രഖ്യാപിച്ചത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസംഗങ്ങളിൽ എന്ത് പറയുമെന്ന് മുൻകൂട്ടി അറിയാവുന്ന തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് കൽഷിയിൽ പന്തയം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് പെരസിനെ വൈറ്റ് ഹൗസിലെ ജോലിയിൽനിന്ന് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഒത്തുതീർപ്പിനെക്കുറിച്ച് വൈറ്റ് ഹൗസ് ഉടൻ പ്രതികരിച്ചിട്ടില്ല. ജൂലൈയിൽ പെരസ് തന്റെ സ്ഥാനത്ത് ഇനി ഇല്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തെ പുറത്താക്കിയതാണോ അതോ രാജിവെച്ചതാണോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.

2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ ട്രംപിന്റെ പ്രസംഗങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന വാക്കുകളെയും വാചകങ്ങളെയും അടിസ്ഥാനമാക്കി പ്രവചന വിപണികളിൽ പന്തയം വെച്ച് പെരസ് 1,07,500 ഡോളർ ലാഭം നേടിയതായി കമ്മിഷൻ കണ്ടെത്തി.

പ്രസംഗങ്ങൾ നടക്കുന്നതിന് മുമ്പ് തന്നെ പ്രസിഡന്റിന്റെ പ്രസംഗങ്ങളുടെ ഉള്ളടക്കം അറിയാനുള്ള അവസരം പെരസിന് ലഭിച്ചിരുന്നുവെന്നും ആ വിവരങ്ങൾ തന്റെ വിശ്വാസപരമായ ഉത്തരവാദിത്തം ലംഘിച്ച് ദുരുപയോഗം ചെയ്തുവെന്നും കമ്മിഷൻ വ്യക്തമാക്കി.

നേടിയ മുഴുവൻ ലാഭവും തിരിച്ചുനൽകാനും 65,000 ഡോളർ സിവിൽ പിഴ അടയ്ക്കാനും പെരസിനോട് നിർദേശിച്ചു. അധികൃതരുമായി “മികച്ച രീതിയിൽ സഹകരിച്ചതിനാലാണ്” പിഴത്തുക കുറച്ചതെന്നും കമ്മിഷൻ അറിയിച്ചു.

സംഭവത്തിന്റെ വിശദാംശങ്ങൾ ജൂലൈ 16ന് പുറത്തുവന്നപ്പോൾ നിർഭാഗ്യകരവും അപമാനകരവുമാണ് എന്ന് നടപടിയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശേഷിപ്പിച്ചിരുന്നു.

Ex-White House Telepromoter Operator To Pay Rs 60,00,000 Over Insider Trading

More Stories from this section

family-dental
witywide