ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിന് പിന്നാലെ ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ‘ശുദ്ധീകരണം’ നടത്തിയവർക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദളിത് വിഭാഗത്തിൽപ്പെട്ട ഖർഗെ പ്രസംഗിച്ച വേദി ബിജെപി-ആർഎസ്എസ് പ്രവർത്തകർ ശുദ്ധീകരിച്ചതായി ആരോപിച്ച രാഹുൽ ഗാന്ധി, ഇത് ഭരണഘടനയും ആർഎസ്എസ്-ബിജെപി ആശയങ്ങളും തമ്മിലുള്ള പോരാട്ടമാണെന്നും പറഞ്ഞു.
ശുദ്ധീകരണം നടത്തിയവർക്കെതിരെ എത്രയും വേഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. താൻ എല്ലാ ജാതിക്കാരുടേതുമാണെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ ഉത്തരാഖണ്ഡിലെ ബിജെപി അധ്യക്ഷൻ ശുദ്ധീകരണം ശരിയായ നടപടിയാണെന്ന് അവകാശപ്പെട്ടു. എസ്‌സി/എസ്ടി നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി നിർദേശം നൽകണമെന്നും രാഹുൽ ഗാന്ധി ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത് ബിജെപിയുടെയും ആർഎസ്എസിന്റെയും മനോഭാവമാണ് വ്യക്തമാക്കുന്നത്. ഒരു ദളിത് വ്യക്തി അഭിവൃദ്ധി പ്രാപിക്കുകയും മാന്യമായി ജീവിക്കുകയും ചെയ്യുന്നത് അവർ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അസാധ്യമായ ഒന്നും ആവശ്യപ്പെടുന്നില്ല. ഭരണഘടന പ്രകാരം ഇത് കുറ്റകൃത്യമാണ്. കോൺഗ്രസ് അധ്യക്ഷന് നീതി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ശുദ്ധീകരണത്തെ പിന്തുണച്ച് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ സംസാരിക്കുന്ന വീഡിയോ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, ബിജെപി സംസ്ഥാന അധ്യക്ഷൻ നിയമവിരുദ്ധമായ നടപടിയെ ന്യായീകരിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ആരോപിച്ചു.
ഓഗസ്റ്റ് 19ന് ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലും ഖർഗെ ശുദ്ധീകരണ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ചില പാർട്ടി നേതാക്കൾ വിഷയത്തിൽ ഇടപെട്ടില്ലെന്ന് അദ്ദേഹം അന്ന് വിമർശിച്ചിരുന്നു. ഇന്ത്യയിൽ ദളിതർ നേരിടുന്ന അതിക്രമങ്ങളുടെയും വിവേചനങ്ങളുടെയും വ്യാപകമായ പ്രശ്നവും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. സ്കൂളുകളിൽ ദളിത് വിദ്യാർഥികളെ ശുചിമുറികൾ വൃത്തിയാക്കാൻ നിർബന്ധിക്കുന്നതും ഗ്രാമങ്ങളിലെ കിണറുകളിൽനിന്നും ചായക്കടകളിൽനിന്നും വെള്ളം കുടിക്കുന്നതിൽ വിലക്കേർപ്പെടുത്തുന്നതും വ്യത്യസ്ത കപ്പുകൾ നൽകുന്നതുമെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാഹ ഘോഷയാത്രകൾക്കിടെ കല്ലേറിൽനിന്ന് രക്ഷപ്പെടാൻ ദളിതർ ഹെൽമറ്റ് ധരിക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി ഒരു ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെയും ശുദ്ധീകരണം നടത്തിയതായി അദ്ദേഹം ആരോപിച്ചു. ഇത് ബിജെപിയും ആർഎസ്എസും ചെയ്യുന്നതാണ്. ഭരണഘടന പ്രകാരം ഇത് കുറ്റകൃത്യമാണ്. ശുദ്ധീകരണം എന്നത് തൊട്ടുകൂടായ്മയുടെ മറ്റൊരു പേരാണ്. ഇത് നിയമവിരുദ്ധമാണെങ്കിലും ബിജെപി അത് പ്രയോഗിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഓഗസ്റ്റ് എട്ടിനാണ് ഖർഗെ ഹൽദ്വാനിയിൽ റാലിയെ അഭിസംബോധന ചെയ്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഓഗസ്റ്റ് 10ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ ശുദ്ധീകരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 20 ദിവസം കഴിഞ്ഞിട്ടും എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്തിട്ടില്ല. യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഖർഗെ ഞങ്ങളുടെ അധ്യക്ഷനാണ്. അദ്ദേഹത്തിന് ഇന്നോ നാളെയോ നീതി ലഭിച്ചേ മതിയാകൂ. ഖർഗെജിക്ക് നീതി ലഭിക്കാത്ത സാഹചര്യം ഉണ്ടാകാൻ പാടില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. ചിലർ തനിക്ക് പിന്തുണ നൽകിയില്ലെന്നാണ് ഖർഗെജി പറഞ്ഞത്. ഭൂരിഭാഗം പേരും പിന്തുണച്ചില്ലെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ ഖർഗെജിയുമായി സംസാരിച്ചിട്ടുണ്ട്.
ഇത് ഖർഗെയുടെ മാത്രം വിഷയമല്ല. ഇന്ത്യയിലെ എല്ലാ ദളിതരുടെയും വിഷയമാണിത്. ഞങ്ങൾ വിഷയം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇത്തരം ഒരു സംഭവം ഞങ്ങളുടെ അധ്യക്ഷന്, രാജ്യത്തെ മുതിർന്ന നേതാവിന് സംഭവിക്കാമെങ്കിൽ, ഒരു സാധാരണ കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചുനോക്കൂ. ഇത് ഞങ്ങൾക്ക് അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും അക്രമങ്ങളും തടയുന്നതിനായി 1995ലാണ് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം നിലവിൽ വന്നത്. പിന്നീട് കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനായി നിയമത്തിൽ ഭേദഗതികളും വരുത്തിയിട്ടുണ്ട്.
Rahul Gandhi asks PM Modi to order FIR under SC/ST Act over ‘purification’ after Kharge’s rally















