
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഇറാൻ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചെങ്കിലും, യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ നിലപാട് മാറ്റാത്ത പക്ഷം സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടാകാൻ സാധ്യതയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ. സിഎൻഎന്നിന്റെ ബെക്കി ആൻഡേഴ്സനോട് സംസാരിക്കവെ ഇസ്രായേലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ വിദഗ്ധൻ ഡാനി സിട്രിനോവിച്ച് ആണ് ഈ നിരീക്ഷണം പങ്കുവെച്ചത്. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത കർശന നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കടലിടുക്ക് തുറക്കാമെന്ന ഇറാന്റെ നിർദ്ദേശത്തിൽ അമേരിക്കയുടെ പ്രധാന ആവശ്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. ഇറാൻ മുന്നോട്ട് വെച്ച ഈ പുതിയ വാഗ്ദാനങ്ങൾ അമേരിക്ക സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധം അവസാനിപ്പിച്ചതിന് ശേഷം മാത്രം ആണവ പദ്ധതികളെക്കുറിച്ച് സംസാരിക്കാം എന്ന ഇറാന്റെ നിലപാട് അംഗീകരിച്ചാൽ, ഈ വിഷയത്തിൽ ഇറാനു മേൽ സമ്മർദ്ദം ചെലുത്താനുള്ള അമേരിക്കയുടെ പ്രധാന നയതന്ത്ര കരുനീക്കങ്ങൾ ദുർബലപ്പെടുമെന്ന് ഡാനി സിട്രിനോവിച്ച് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉടനടി ഒരു സമവായത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









