
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിക്കെതിരായ നിയമപോരാട്ടത്തിൽ നടി ശ്വേത മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി നടനും സംവിധായകനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി രംഗത്ത്. തന്നെ കേസിൽ പ്രതിചേർത്തത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, തൻ്റെ പൊതുപ്രതിച്ഛായ തകർക്കുകയാണ് ഇതിൻ്റെ പിന്നിലെ ഉദ്ദേശ്യമെന്നും പിഷാരടി കോടതിയെ ബോധിപ്പിച്ചു. മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ശ്വേത മേനോനെതിരെ തുറന്നടിച്ചത്.
അംഗങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് താൻ അഡ്ഹോക് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്ന് പിഷാരടി വ്യക്തമാക്കി. എന്നാൽ ഈ ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ താൻ സ്ഥാനത്തുനിന്ന് പിന്മാറിയിരുന്നു. കേസിൽ തനിക്ക് യാതൊരുവിധ വ്യക്തിപരമായ പങ്കുമില്ലാതിരുന്നിട്ടും മനഃപൂർവം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
സംഘടനയിൽ നിന്ന് രാജിവെച്ച ശ്വേത മേനോൻ ‘അമ്മ’യുടെ മിനിറ്റ്സ് ബുക്ക് അടക്കമുള്ള പ്രധാന ഔദ്യോഗിക രേഖകൾ ഒന്നും തന്നെ കൈമാറിയിട്ടില്ലെന്നും പിഷാരടി ചൂണ്ടിക്കാട്ടി. തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഈ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഷാരടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ഭരണസമിതിയുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി ബൈലോ പ്രകാരം സാധുവല്ലെന്ന് കാണിച്ച് ശ്വേത മേനോൻ കോടതിയെ സമീപിച്ചതോടെയാണ് ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായത്. കേസിലെ തുടർനടപടികൾ ഇപ്പോൾ മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്.
The dispute within AMMA intensifies: ‘I was accused for political reasons’, Ramesh Pisharody in court against Shweta Menon















